ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. പത്ത്, എട്ട്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ വീട്ടില്‍ വച്ചും മൂന്നാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് 23നാണ് കുട്ടികള്‍ വീട്ടില്‍ വച്ച് ഭക്ഷണം കഴിച്ചത്. അതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ഓഗസ്റ്റ് 25നും 26നും ഇടയില്‍ വച്ചാണ് രണ്ട് കുട്ടികളും മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കാനായി സ്വന്തംനാടായ ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മൂന്നാമത്തെ കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെവച്ച് മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി.
ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവ് ഛത്തീസ്ഗഢ് സ്വദേശിയാണ്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവക്കാരനാണെന്നും പൊലീസ് പറഞ്ഞു,

ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കുട്ടികള്‍ മരിച്ച കാര്യം മതാപിതാക്കള്‍ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന മാവ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ മൂന്ന് പെണ്‍കുട്ടികളുടെ ആന്തരികാവയവങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണം കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.



















