ഇന്ത്യൻ യുവ മാന്ത്രിക നിരയിൽ ഏറെ ശ്രദ്ധേയനും സന്ദേശ പ്രചരണങ്ങൾക്ക് വേണ്ടി സ്വജീവിതം പണയപ്പെടുത്തി ഇന്ത്യയിൽ ഏറ്റവും അധികം എസ്‌ക്കേപ്പ് മാജിക്കുകൾ അവതരിപ്പിച്ച, വേഗതയേറിയ മജീഷ്യനുള്ള ലോക റെക്കോർഡ് കരസ്ഥമാക്കിയ മജീഷ്യൻ ഹാരിസ് താഹക്ക് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുൽ കലാം മെമ്മോറിയൽ യൂത്ത് ഐക്കൺ അവാർഡ് സമ്മാനിച്ചു.

തിരുവനന്തപുരം വക്കം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹ സാഗരം ചാരിറ്റബിൾ ട്രസ്റ്റ് ആണ് അവാർഡ് സമ്മാനിച്ചത്. മാജിക്കിൽ ഉപരി അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ഹാരിസ് താഹ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയും കുട്ടികൾ നേരിടുന്ന പീഡനങ്ങൾക്കെതിരെയും മലിനമായി കിടക്കുന്ന ജലാശയങ്ങൾ ഒറ്റയ്ക്ക് സംരക്ഷിക്കുന്നതും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്നതും കഴിഞ്ഞ 26 വർഷമായി രക്തദാന രംഗത്ത് വലിയ സംഭാവനകൾ നൽകിയതും
ഇന്ത്യയിൽ ആദ്യമായി 365 ദിവസം 365 മാജിക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചലഞ്ച് ഏറ്റെടുത്തതും കേരളത്തിൽ ആദ്യമായി സ്വന്തമായി അറ്റംപ്റ്റ് ചെയ്ത് നാഷണൽ റെക്കോർഡും വേൾഡ് റെക്കോർഡും നേടിയതും ഇന്ത്യയിൽ ആദ്യമായി സംഘാടകരുടെ ബഡ്ജറ്റിന് അനുസരിച്ച് പ്രോഗ്രാം അവതരിപ്പിക്കുന്ന പോർട്ടബിൾ ഇല്യൂഷൻ മാജിക് ഷോ ചെയ്യുന്നതും പരിഗണിച്ചാണ് യൂത്ത് ഐക്കൺ അവാർഡ് നൽകിയത്.

മണനാക്ക് ടർഫിൽ നടന്ന ചടങ്ങിൽ വെച്ച് ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് അവാർഡ് സമ്മാനിച്ചു. സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ:ഷൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സജീവ്, കടക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, സിപിഐഎം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി. ഷാജു, വക്കം ഷാജഹാൻ, അൻവർ, നദീംഷ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.



















