ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ (ഇഒഎസ്–05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി– എഫ്17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55-ഓടെയായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്.

മഴയ്ക്കിടെയായിരുന്നു വിക്ഷേപണം. 18 മിനിറ്റ് 45 സെക്കൻഡിൽ വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ടു. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ആണ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ സൂചിപ്പിച്ചു.
ഇന്ത്യയുടെ ഭൗമനിരീക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് ജി.ഐ.എസ്.എ.ടി.-1എ. (GISAT-1A) എന്നറിയപ്പെടുന്ന ഇ.ഒ.എസ്.-05 ഉപഗ്രഹം. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം പ്രവർത്തിക്കുക. ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ കൃത്യമായ നിരീക്ഷണങ്ങളും വിവരങ്ങളും ലഭിക്കും.
ഭൂമിയുടെ കറക്കത്തിനൊപ്പം ഏകദേശം ഒരേ സ്ഥാനത്തു നിന്നു തുടർച്ചയായി ഇഒഎസ്–05 ചിത്രങ്ങളെടുക്കും. ഓരോ 30 മിനിറ്റിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചിത്രങ്ങൾ ലഭിക്കും. പ്രത്യേക നിരീക്ഷണം വേണ്ട സ്ഥലത്തു 5 മിനിറ്റ് ഇടവേളയിൽ ചിത്രങ്ങളെടുക്കാൻ വരെ സാധിക്കും. ഇതുവഴി ദുരന്തസാഹചര്യങ്ങൾ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിലൂടെ ശാസ്ത്രജ്ഞർക്കും ദുരന്തനിവാരണ സേനകൾക്കും സാധിക്കും. അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖലയിലെ ആവശ്യങ്ങൾ എന്നിവയ്ക്കും ഉപഗ്രഹം വിവരങ്ങൾ നൽകും.

കഴിഞ്ഞ ജൂലൈയിലെ നൈസാർ ഉപഗ്രഹദൗത്യത്തിനു ശേഷമുള്ള ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണമാണിത്. ജനുവരി 12നു പിഎസ്എൽവി സി–62 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണ്. 2021 ഓഗസ്റ്റിൽ ജിഎസ്എൽവി–എഫ്10 വാഹനത്തിൽ വിക്ഷേപിച്ച ജിസാറ്റ് –1 ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് പരാജയപ്പെട്ടിരുന്നു. പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവച്ചിരുന്നു. വിക്ഷേപണ വിജയം അഞ്ച് വർഷത്തിനു ശേഷമുള്ള ഐഎസ്ആർഒയുടെ തിരിച്ചുവരവ് കൂടിയാണ്.



















