വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

Sep 8, 2026

seena

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും; കാന്തിക ശക്തിയാല്‍ പൊങ്ങിപ്പായുന്ന ട്രെയിനുകള്‍ വിമാന യാത്രയ്ക്കു വേണ്ടിവരുന്ന സമയത്തിന് തുല്യമായി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും; ഏഷ്യയില്‍ അതിവേഗ യാത്രാ വിപ്ലവത്തിന് വഴിതുറക്കുന്നു

വാണിജ്യ വിമാനങ്ങളോട് കിടപിടിക്കുന്ന വേഗതയുമായി കരമാര്‍ഗ്ഗമുള്ള യാത്രാ രംഗത്ത് വന്‍ വിപ്ലവത്തിനൊരുങ്ങി ചൈനയും ജപ്പാനും. മണിക്കൂറില്‍ 600 കിലോമീറ്ററിലധികം (370 മൈല്‍) വേഗതയില്‍ പായുന്ന കാന്തിക ബലത്തില്‍ ഓടുന്ന ‘മഗ്ലേവ്’ (Maglev) ട്രെയിനുകള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് വ്യോമയാന മേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ ഇരു ഏഷ്യന്‍ വന്‍ശക്തികളും.

സാധാരണ പാസഞ്ചര്‍ വിമാനങ്ങള്‍ മണിക്കൂറില്‍ ശരാശരി 885 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തുമ്പോള്‍, ട്രാക്കില്‍ ഘര്‍ഷണമില്ലാതെ കാന്തിക ശക്തിയാല്‍ പൊങ്ങിപ്പായുന്ന ഈ ട്രെയിനുകള്‍ വിമാന യാത്രയ്ക്കു വേണ്ടിവരുന്ന സമയത്തിന് തുല്യമായി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. ചൈനയിലെ ബീജിങ് – ഷാങ്ഹായ് റൂട്ടില്‍ ഈ മഗ്ലേവ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ നിലവിലെ 4 മണിക്കൂര്‍ യാത്രാ സമയം വെറും 2.5 മണിക്കൂറായി ചുരുങ്ങും. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളും ബോര്‍ഡിങ് സമയവും കണക്കിലെടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് വിമാനത്തേക്കാള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഈ ട്രെയിനുകള്‍ വഴി സാധിക്കും.

ചൈനയിലെ സ്റ്റേറ്റ് പിന്തുണയുള്ള ‘സി.ആര്‍.ആര്‍.സി’ നിര്‍മ്മിച്ച മഗ്ലേവ് ട്രെയിന്‍ പ്രോട്ടോടൈപ്പ് ഇലക്ട്രോമാഗ്‌നറ്റിക് സസ്പെന്‍ഷന്‍ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രാക്കില്‍ തൊടാതെ മില്ലീമീറ്ററുകള്‍ ഉയര്‍ന്നു മാത്രം സഞ്ചരിക്കുന്നതിനാല്‍ യന്ത്രഭാഗങ്ങള്‍ തമ്മിലുള്ള കൂട്ടിയുരുമ്മല്‍ വഴി വേഗത കുറയില്ല. തുരങ്കങ്ങളില്‍ അതിവേഗത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന വായു സമ്മര്‍ദ്ദവും ശബ്ദവും കുറയ്ക്കാനുള്ള അത്യാധുനിക എയറോഡൈനാമിക് സംവിധാനങ്ങളും ചൈനീസ് എഞ്ചിനീയര്‍മാര്‍ ഇതിനായി വികസിപ്പിച്ചിട്ടുണ്ട്.

മറുഭാഗത്ത്, ഷിന്‍കാന്‍സന്‍ ബുള്ളറ്റ് ട്രെയിനുകളുടെ പാരമ്പര്യമുള്ള ജപ്പാന്‍ ‘ചുവോ ഷിന്‍കാന്‍സന്‍’ ലൈനിലൂടെയാണ് ഇതിന് മറുപടി നല്‍കുന്നത്. സൂപ്പര്‍കണ്ടക്റ്റിങ് കാന്തിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജപ്പാന്റെ പരീക്ഷണ ട്രെയിനുകള്‍ മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗത കൈവരിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ടോക്കിയോ, നഗോയ, ഒസാക്ക എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ടോക്കിയോയില്‍നിന്ന് നഗോയയിലേക്കുള്ള യാത്രാസമയം വെറും 40 മിനിറ്റായി കുറയും.

വന്‍ നിര്‍മ്മാണച്ചെലവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവും കാരണം പതിറ്റാണ്ടുകളായി പരീക്ഷണ ഘട്ടത്തില്‍ ഒതുങ്ങിനിന്ന മഗ്ലേവ് സാങ്കേതികവിദ്യയെ, ആഭ്യന്തര വ്യോമയാന മേഖലയിലെ തിരക്ക് കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ പരിമിതപ്പെടുത്താനുമുള്ള പ്രധാന ആയുധമായാണ് ഇരുരാജ്യങ്ങളും കാണുന്നത്. പരീക്ഷണ പാതകളില്‍നിന്ന് പ്രധാന ഗതാഗത ശൃംഖലകളിലേക്ക് ഈ ട്രെയിനുകള്‍ കടന്നുവരുന്നതോടെ, ഭാവിയില്‍ അതിവേഗ യാത്രാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്കാകും ലോകം സാക്ഷ്യം വഹിക്കുക.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...