ആനവണ്ടിക്ക് ഇനി ‘സ്പോൺസർ’ വരും; പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

Sep 8, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പൊതുജന പങ്കാളിത്തത്തോടെ ബസ് സർവീസുകൾ വിപുലീകരിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഗ്രാമപ്രദേശങ്ങളിലടക്കം സർവീസുകൾ ശക്തമാക്കുന്നതിനും, കാലാവധി പൂർത്തിയാക്കിയ പഴയ ബസുകൾ മാറ്റി പുതിയവ നിരത്തിലിറക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ-സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവർക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് വിനിയോഗിച്ചോ നേരിട്ടോ ബസുകൾ സ്പോൺസർ ചെയ്യാൻ സാധിക്കും.

ഒൻപത് മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള എസി പ്രീമിയം, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലുള്ള ബസുകളാണ് സ്പോൺസർഷിപ്പിലൂടെ സ്വീകരിക്കുക. സ്പോൺസർമാർക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി ബസുകൾ നേരിട്ട് വാങ്ങി കെഎസ്ആർടിസിക്ക് കൈമാറാം. അല്ലെങ്കിൽ ബസ് വാങ്ങുന്നതിനാവശ്യമായ തുക കോർപ്പറേഷന് നൽകിയാൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി നേരിട്ട് വാഹനം വാങ്ങി നിരത്തിലിറക്കും.

സ്പോൺസർ ചെയ്യുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും കോർപ്പറേഷന്റെ സ്ഥിരം ആസ്തിയായി മാറുകയും ചെയ്യും. സർവീസുകളുടെ നടത്തിപ്പ്, റിപ്പയറിംഗ്, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ വിന്യാസം എന്നിവയുടെ പൂർണ്ണ നിയന്ത്രണം കെഎസ്ആർടിസിക്കായിരിക്കും.

നിലവിലുള്ള സർവീസുകൾക്ക് പകരമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ സ്പോൺസർമാർ നിർദ്ദേശിക്കുന്ന റൂട്ടുകൾ പരിഗണിക്കും. എന്നാൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കണമെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ലഭ്യമാക്കേണ്ടി വരും. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാം. അതേസമയം, സാമ്പത്തിക ലാഭവും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് റൂട്ടുകളിലും സമയക്രമത്തിലും മാറ്റം വരുത്താനുള്ള പൂർണ്ണ അധികാരം കെഎസ്ആർടിസിക്കായിരിക്കും.

ബസ് സ്പോൺസർ ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യുന്നത് ആകർഷകമായ പരസ്യ ആനുകൂല്യങ്ങളാണ്. സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ബസുകളിൽ 10 വർഷത്തേക്ക് പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള അനുമതി നൽകും. എന്നാൽ മതപരമോ, രാഷ്ട്രീയപരമോ, നിയമവിരുദ്ധമോ, സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതോ ആയ പരസ്യങ്ങൾ അനുവദിക്കില്ല. പരസ്യങ്ങളുടെ രൂപകൽപ്പനയ്ക്ക് മുൻകൂട്ടി കെഎസ്ആർടിസിയുടെ ഔദ്യോഗിക അംഗീകാരം വാങ്ങണം. മറ്റ് കെഎസ്ആർടിസി ബസുകളുടെ അതേ കളർ കോഡും ഡിസൈനുമായിരിക്കും ഈ ബസുകൾക്കും ഉണ്ടായിരിക്കുക.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി കോർപറേഷനിലെ മാർക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് ജി.എസ് അരുൺ (9539202020), സജയകുമാർ (9744887783) എന്നിവരെയും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് യൂസഫ് (9947441808) എന്നിവരെയും വിളിക്കാം. എറണാകുളം, തൃശൂർ ജില്ലക്കാർക്ക് ഒ.പി അനൂബ് (9846655449), പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലക്കാർക്ക് എസ്. ശ്രീകാന്ത് നായർ (9847089578) എന്നിവരുമായി ബന്ധപ്പെടാം.

പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റിജു (8075025794), കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റഫീഖ് (9846512673) എന്നിവരാണ് ഇതിന്റെ ചുമതലക്കാർ.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...