അഴീക്കൽ: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന 42 മത്സ്യബന്ധന തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവർത്തക സംഘം സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പ്രൊപ്പല്ലറിലേക്കുള്ള ഷാഫ്റ്റ് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നടുക്കടലിൽ കുടുങ്ങിയ ‘ഓങ്കാരം’ എന്ന വള്ളത്തിലെ തൊഴിലാളികളെയുമാണ് അതിവേഗത്തിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 6.25 ഓടെയാണ് അഴീക്കൽ തുറമുഖത്തിന് സമീപം ഉൾക്കടലിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടെന്ന അപായ സന്ദേശം ലഭിക്കുന്നത്. മത്സ്യബന്ധനത്തിനിടെ എൻജിൻ ഷാഫ്റ്റ് തകരാറിലായതോടെ വള്ളം നിയന്ത്രിക്കാനാവാതെ കടലിൽ അടിയുകയായിരുന്നു.


വിവരമറിഞ്ഞയുടൻ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ അടിയന്തര നിർദ്ദേശപ്രകാരം ഫിഷറീസ് പട്രോൾ ബോട്ടും വിദഗ്ദ്ധ റെസ്ക്യൂ ടീമും സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് അതിവേഗത്തിൽ വള്ളം കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കായി. തുടർന്ന് വള്ളം പട്രോൾ ബോട്ടിലേക്ക് ബന്ധിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കുകയും രാവിലെ 8.45 ഓടെ 42 മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും യാതൊരുവിധ പരിക്കുകളുമില്ലാതെ അഴീക്കൽ ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

സിവിൽ പൊലീസ് ഓഫീസർ ആദർശ്, ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, ബോട്ട് സ്രാങ്ക് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തൊഴിലാളികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തിയതോടെ ഹാർബറിലെ ആശങ്കകൾക്ക് ആശ്വാസമായി.



















