വരിക്കാര്‍ക്ക് തങ്ങളുടെ പെന്ഷന് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി ചെലവുകള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് എന്‍പിഎസ് സ്വാസ്ഥ്യ. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി രൂപം നല്കിയ ഈ പദ്ധതി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പെന്ഷന് അക്കൗണ്ടില്‍ സമാഹരിച്ച തുകയുടെ ഒരു ഭാഗം ആശുപത്രി ചികിത്സാ ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള സംവിധാനം വരിക്കാര്‍ക്ക് നല്‍കാനാണ് എന്‍പിഎസ് സ്വാസ്ഥ്യ വികസിപ്പിച്ചത്. ഇതിനോടൊപ്പം ഒരു ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് സൗകര്യവും ഉണ്ടാകും. ഇത് ബാക്കി വരുന്ന ആശുപത്രി ചെലവുകള്‍ കവര്‍ ചെയ്യാന്‍ സഹായിക്കും. ഈ സ്കീം വഴി പെന്ഷന് അക്കൗണ്ടില്‍ മാറ്റിവെച്ചിരിക്കുന്ന തുക ഉപയോഗിച്ച് ആശുപത്രി ചെലവുകളുടെ ഒരു ഭാഗം അടയ്ക്കാന്‍ വരിക്കാര്‍ക്ക് സാധിക്കും.


ബാക്കി തുക അനുബന്ധ ടോപ്പ്-അപ്പ് ഇന്‍ഷുറന്‍സ് വഴി ലഭ്യമാക്കും. തുടക്കത്തില്‍ അടയ്ക്കുന്ന സംഭാവനയുടെ ഏകദേശം എട്ടു മുതല്‍ 10 ഇരട്ടി വരെയാകാം ടോപ്പ് – അപ്പ് ഇന്‍ഷുറന്‍സ് കവര്‍. അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമേ ഈ സ്കീം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കൂ. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് എല്ലാ പെന്ഷന് ഫണ്ടുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. റിട്ടയര്‍മെന്റ് കാലത്തേയ്ക്ക് സമ്പാദ്യം കണ്ടെത്തുന്നതിനുള്ള ഒരു പദ്ധതിയാണ് എന്‍പിഎസ്. എന്‍പിഎസ് സ്വാസ്ഥ്യ വരുന്നതോടെ പെന്ഷന് സമ്പാദ്യത്തിന്റെ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയോടെയുള്ള ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.



















