സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം’; രാധയ്ക്കെതിരെ അംബിക

Sep 23, 2026

seena

ചെന്നൈ: നടിയും തന്റെ സഹോദരിയുമായ രാധക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി അംബിക. കഴിഞ്ഞ ദിവസം അംബികയ്ക്കെതിരെ രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അംബിക മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹോദരി ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്‌തുത വിരുദ്ധമാണെന്നും എല്ലാ കാര്യങ്ങളും സൂക്ഷ്‌മതയോടെ ചെയ്യുന്ന സഹോദരി ഒപ്പിട്ട ചെക്ക് അലക്ഷ്യമായി കളഞ്ഞുവെന്ന് പറയുന്നത് വിശ്വിസിക്കാൻ സാധിക്കുന്നില്ലെന്നും അംബികയും സഹോദരനും പറഞ്ഞു. എആർഎസ് ഗാർഡനിൽനിന്ന് തന്റെ പേരിന്റെ അക്ഷരം മാറ്റിയത് തന്നെ അറിയിച്ചിട്ടില്ലെന്നും അംബിക പറഞ്ഞു.

ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു. രാധയുടെ ഭർത്താവാണ് നീക്കങ്ങൾക്ക് പിന്നിലെന്നും കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എആർഎസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അംബിക കൂട്ടിച്ചേർത്തു. തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്.

എആർഎസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വളരെ വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടൽ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നത്. നിയമപരമായി കാര്യങ്ങൾ ചെയ്യുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാത്തത്. വീട്ടിലെ കാര്യങ്ങൾ വീട്ടിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയത്.

ചെക്ക് ബൗൺസ് ആയ താനാണ് പരാതി നൽകേണ്ടത്. അതിനു പകരം ചെക്ക് നൽകിയ രാധയാണോ പരാതിപ്പെടേണ്ടതെന്ന് അംബിക ചോദിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്താണ് രാധ തനിക്ക് ചെക്ക് തന്നത്. ഒരു സഹോദരി അങ്ങനെ ചെയ്യാമോ ?. ഒന്നര വർഷമായി കോടികളുടെ ചെക്ക് ആരെങ്കിലും സൂക്ഷിക്കുമോ ?. ഇങ്ങനെ ചെയ്യുമ്പോൾ തന്നോട് ഒരു വാക്ക് പറയാമായിരുന്നു എന്നും വിതുമ്പലോടെ അംബിക പറഞ്ഞു.

എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രസ് മീറ്റ് നടത്തേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചിട്ടേയില്ല. ഒരിക്കലും വിചാരിക്കാത്ത ഒരു വിഷയം ഇപ്പോൾ നടന്നിരിക്കുകയാണ് ഒരു രണ്ട് മൂന്ന് ദിവസം മുൻപായി. എന്റെ സഹോദരി എന്റെ പേരിൽ ഒരു പരാതി നൽകിയിരിക്കുന്നു. അവർ പരാതി കൊടുത്തത് ശരിയാണോ, അവർ പറയുന്നതിൽ എന്തെങ്കിലും ശരിയുണ്ടോ എന്നൊക്കെ ഒരുപാട് പേർ ചോദിച്ചിരുന്നു.

പൈസയുടെ കാര്യത്തിൽ പല കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 43, 45, 46 കോടിയൊക്കെയാണ് പല മാധ്യമങ്ങളിലും അവർ പറയുന്നത്. അത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ജിഎസ്ടിയും ചേർത്താണോ എന്നറിയില്ല. അതുകൊണ്ട് പൈസയുടെ കാര്യത്തിൽ ഒരു സംശയമുണ്ട്. 97 കോടിയാണ് മൊത്തം. അവർ എന്തിന് അങ്ങനെ ചെയ്യണമെന്ന് ഒരുപാട് പേർക്ക് സംശയമുണ്ട്.

cake tower new
LATEST NEWS