മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍; ചെലവാക്കിയത് 19.88 ലക്ഷം രൂപയെന്ന് രേഖകള്‍

Sep 24, 2026

seena

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാര്‍ട്ടേഡ് വിമാനയാത്രയുടെ തുക സ്‌പോണ്‍സര്‍ ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്‌സണ്‍ ഏവിയേഷനാണെന്ന് രേഖകള്‍. ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപയാണ് ( 19,88,595 രൂപ ) യാത്രയ്ക്കായി കമ്പനി നല്‍കിയതെന്നാണ് ഇന്‍വോയ്‌സ് രേഖകള്‍ വ്യക്തമാക്കുന്നത്.

കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. മലയാളിയായ പരിചയക്കാരന്‍ അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയതെന്നും, അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സറെ വെളിപ്പെടുത്താന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി, അവരെയൊക്കെ എന്തിന് വലിച്ചിഴയ്ക്കുന്നു എന്നും ചോദിച്ചിരുന്നു.

തന്റെ വിമാനയാത്രയില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവു വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ പ്രകൃതിദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സെപ്റ്റംബര്‍ 21-നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തത്. എയര്‍ക്രാഫ്റ്റ് വാടകയായി 16,85,250 രൂപയും 18 ശതമാനം ഐജിഎസ്ടി (IGST) ഇനത്തില്‍ 3,03,345 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്.കരാര്‍ അടിസ്ഥാനത്തില്‍ പൊലീസിന് വേണ്ടി മൂന്ന് വര്‍ഷമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയിരുന്ന കമ്പനിയാണ് ചിപ്‌സണ്‍ ഏവിയേഷന്‍. ഈ കരാര്‍ അവസാനിച്ച സാഹചര്യത്തില്‍, വ്യവസ്ഥകളില്‍ മാറ്റം വരുത്തി പുതിയ കരാര്‍ കരസ്ഥമാക്കാന്‍ ചിപ്‌സണ്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഇത്രയും വലിയ തുക കമ്പനി ചെലവഴിച്ചിരിക്കുന്നത് എന്ന വിവരം പുറത്തുവരുന്നത്.

cake tower new
LATEST NEWS