‘100 സെഞ്ച്വറി അടിക്കും, കോഹ്‍ലിയേക്കാൾ മികച്ച ബാറ്റർ ഇല്ല’

Sep 29, 2026

seena

മുംബൈ: സ്വന്തം സമ്മർ​ദ്ദങ്ങളാണ് വിരാട് കോഹ്‍ലിയുടെ ഉള്ളിലെ പോരാളിയെ എല്ലായ്പ്പോഴും പുറത്തെടുക്കാറുള്ളതെന്ന ശ്രദ്ധേയ നിരീക്ഷണവുമായി മുൻ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ. രഹാനെയ്ക്കു പിന്നാലെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തികും കോഹ്‍ലിയെ വാനോളം പുകഴ്ത്തി തന്റെ അഭിപ്രായങ്ങൾ പങ്കിട്ടു. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു കോഹ്‍ലി ഇന്ത്യയെ ജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. പിന്നാലെയാണ് മുൻ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്.

‘കോഹ്‍ലി സ്വയം സമ്മർദ്ദം ചെലുത്തുമ്പോഴാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലെത്തുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോ ഇന്നിങ്സ് കളിക്കാനിറങ്ങുമ്പോഴും അദ്ദേഹം അത് ചെയ്യുന്നു. അദ്ദേഹത്തിനു തന്നിൽത്തന്നെ വലിയ പ്രതീക്ഷകളുണ്ട്. അതുകൊണ്ടാണ് ഇത്രയും വർഷങ്ങളായി തുടർച്ചയായി മികവോടെ കളിക്കാൻ കോഹ്‍ലിക്ക് സാധിക്കുന്നത്. വിരാടിനെ അറിയാവുന്നതു കൊണ്ടു പറയുകയാണ് അദ്ദേഹം 100 സെഞ്ച്വറികളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റില്ല. കാരണം അദ്ദേഹത്തിന്റെ മാതൃകാപുരുഷൻ സച്ചിൻ ടെണ്ടുൽക്കറാണ്. അതുകൊണ്ട് അദ്ദേഹം അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും’- രഹാനെ വ്യക്തമാക്കി.

ദിനേശ് കാർത്തികും കോഹ്‍ലിയുടെ ബാറ്റിങിനെക്കുറിച്ച് വാചാലനായി.

‘കോഹ്‍ലി കളത്തിൽ ഉള്ള കാലത്തോളം നമ്മൾ അദ്ദേഹത്തെ ശരിക്കും ആസ്വദിക്കണം. ലോകകപ്പ് കഴിയും വരെ ടീമിലുണ്ടാകുമെന്നു അദ്ദേഹം നമ്മളോട് പറഞ്ഞുകഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹം ഇതിനു മുൻപ് അവസാനം കളിച്ചത് ജൂലൈ 19നാണ്. സെപ്റ്റംബർ 27നാണ് അടുത്ത കളിക്ക് ഇറങ്ങിയത്. രണ്ട് മാസമായി ബാറ്റ് തൊടാത്തെ ഒരാളെപ്പോലെയാണോ അദ്ദേഹത്തെ കണ്ടാൽ തോന്നുന്നത്. തുടക്കം മുതൽ ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും ക്രീസിൽ ആധിപത്യം പുലർത്തിയാണ് അദ്ദേഹം ബാറ്റ് ചെയ്തത്.’

‘ഏകദിനത്തിൽ 157 സ്ട്രൈക്ക് റേറ്റിൽ സെഞ്ച്വറി നേടുക എന്നത് തികച്ചും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇതൊരു ഫ്ലാറ്റ് പിച്ചായിരുന്നുവെന്നു എനിക്കറിയാം. 40-42 ഓവറുകളിൽ ഇന്ത്യ ഇതു മറികടന്നേക്കാം എന്നു നമ്മൾ സംസാരിച്ചിരുന്നു. അതുതന്നെയാണ് ഇന്ത്യ ചെയ്തതും. അതിനേക്കാളൊക്കെ ഉപരി കോഹ്‍ലി താളം കണ്ടെത്തുന്നു എന്നതാണ് പ്രധാനം. കോഹ്‍ലിയെപ്പോലെ വളരെ കുറച്ചു മത്സരങ്ങൾ മാത്രം കലിക്കുന്ന ഒരാൾക്ക് റിഥം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആ താളം കണ്ടെത്താൻ കഴിഞ്ഞാൽ ഈ ലോകത്ത് അദ്ദേഹത്തേക്കാൾ മികച്ച കളിക്കാരനില്ല’- ദിനേശ് കാർത്തിക് വ്യക്തമാക്കി.

കാര്യവട്ടത്ത് ആദ്യ ഏകദിനത്തിൽ വെറും 88 പന്തിൽ 139 റൺസാണ് കോഹ്‍ലി അടിച്ചെടുത്തത്. ഏകദിനത്തിലെ അദ്ദേ​ഹത്തിന്റെ ശതകങ്ങളുടെ എണ്ണം 55ൽ എത്തി. മൊത്തം സെഞ്ച്വറികളുടെ എണ്ണം ഇപ്പോൾ 86ലും എത്തി. സച്ചിൻ ടെണ്ടുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന നേട്ടത്തിലേക്ക് എത്താൻ കോഹ്‍ലിക്ക് ഇനി 14 സെഞ്ച്വറികൾ കൂടിയാണ് വേണ്ടത്. ഈ റെക്കോർഡ് കോഹ്‍ലിക്ക് അപ്രാപ്യമല്ലെന്നാണ് ക്രിക്കറ്റ് പണ്ഡിതരും മുൻ താരങ്ങളുമടക്കമുള്ളവർ നിരീക്ഷിക്കുന്നത്.

ഇന്ത്യ- വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടം ​ബുധനാഴ്ച അരങ്ങേറും. ​ഗുവാഹത്തിയിലാണ് മത്സരം.

cake tower new
LATEST NEWS