സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

Oct 6, 2026

seena

ദുബൈ: യുഎഇയില്‍ സ്‌കൂള്‍ പരിസരത്ത് ഫോട്ടോയും വിഡിയോയും എടുക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് കര്‍ശന വിലക്ക്. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തി ദുബൈയിലെയും ഷാര്‍ജയിലെയും പ്രമുഖ സ്‌കൂളുകളാണ് മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ മാര്‍ഗനിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

സ്‌കൂള്‍ ക്യാംപസിനുള്ളില്‍ വെച്ച് വിദ്യാര്‍ഥികളുടെ ഫോട്ടോയോ വിഡിയോയോ എടുക്കരുതെന്നും, അനുവാദമില്ലാതെ മറ്റ് കുട്ടികള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലോ സോഷ്യല്‍ മീഡിയയിലോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലോ പങ്കുവെക്കരുതെന്നുമാണ് മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും സ്‌കൂളുകള്‍ നിര്‍ദ്ദേശം നല്‍കിയത്.

യുഎഇയിലെ സ്വകാര്യത സംരക്ഷണ നിയമങ്ങള്‍ക്കും അടുത്തിടെ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് ഈ നടപടി. ക്ലാസ് മുറികള്‍, കൊറിഡോറുകള്‍, കളിസ്ഥലങ്ങള്‍, അസംബ്ലി, കുട്ടികളെ സ്‌കൂളില്‍ ഇറക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമായ സ്ഥലങ്ങള്‍ തുടങ്ങിയവിടങ്ങളിലെല്ലാം ഈ വിലക്ക് ബാധകമാണ്. മറ്റു കുട്ടികളുടെയോ അധ്യാപകരുടെയോ ജീവനക്കാരുടെയോ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുമ്പോഴുണ്ടാകുന്ന സ്വകാര്യതാ ലംഘനം തടയുകയാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യം.

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ അനുവാദമില്ലാതെ ഫോട്ടോയോ വിഡിയോയോ എടുക്കുന്ന മാതാപിതാക്കള്‍ക്ക് യുഎഇ സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം 500,000 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കാം. അധികൃതര്‍ക്ക് പരാതി നല്‍കുകയും നടപടി കുറ്റകരമാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ മാത്രമാണ് ഈ നടപടി നേരിടേണ്ടി വരിക. യുഎഇ സൈബര്‍ കുറ്റകൃത്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 44 പ്രകാരം, ഒരു കുട്ടിയുടെ സ്വകാര്യത ലംഘിക്കുന്ന രീതിയില്‍ ചിത്രം പകര്‍ത്തുകയോ പങ്കുവെക്കുകയോ ചെയ്താല്‍ മാതാപിതാക്കള്‍ക്കോ സന്ദര്‍ശകര്‍ക്കോ കുറഞ്ഞത് ആറ് മാസം തടവോ, 150,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

cake tower new
LATEST NEWS