അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് സമ്മാന നേട്ടം. യുഎഇയിലും ഒമാനിലുമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്കാണ് ആകെ അഞ്ച് കോടിയിലേറെ രൂപ (19.5 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്. മലയാളികളായ അജിത് കുമാർ വണ്ണാറത്തും സി. മുഹമ്മദ് ഇജാസും ഉൾപ്പെടെയുള്ളവരാണ് ഭാഗ്യം സ്വന്തമാക്കിയത്.

ഒമാനിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്യുന്ന അജിത് കുമാർ (54) സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് 2.5 ലക്ഷം ദിർഹം നേടിയത്. പത്ത് വർഷമായി ഒമാനിലുള്ള അജിത് സുഹൃത്തുക്കൾക്കൊപ്പം ഏറെക്കാലമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. അജിത്തിനെപ്പോലെ തന്നെ സംഘമായി ടിക്കറ്റെടുത്താണ് അജ്മാനിൽ താമസിക്കുന്ന എഞ്ചിനീയർ സി. മുഹമ്മദ് ഇജാസും സമ്മാനം നേടിയത്.

മകന്റെ ജനനത്തീയതിയും ജനനവർഷവും ചേർത്തുണ്ടാക്കിയ നമ്പറാണ് ഇജാസ് തിരഞ്ഞെടുത്തത്. തനിക്ക് ലഭിക്കുന്ന സമ്മാനത്തുക മകനുവേണ്ടി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഇജാസ് പറഞ്ഞു.
ഇന്ത്യക്കാരനായ സുനിൽ കുമാറിന് 10 ലക്ഷം ദിർഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സമ്മാനമാണ് ലഭിച്ചത്. ദുബൈ ജബൽ അലിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ്ങിന് 5 ലക്ഷം ദിർഹവും ലഭിച്ചു. 2008 മുതൽ യുഎഇയിലുള്ള കുൽവന്ത് സമ്മാനത്തുക കുടുംബത്തിനും വീടിന്റെ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് അറിയിച്ചു. മറ്റൊരു ഇന്ത്യൻ പൗരനായ സെത്വാൻ കുമാർ ചൗഹാനും ഒരു ലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിച്ചു.


x


















