കൊച്ചി: സിഎംആര്എല്- എക്സാലോജിക് അഴിമതിക്കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടി പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നിയമപരമായി എഫ്ഐആർ ഇട്ട സാഹചര്യത്തിൽ അപ്പീൽ അനുമതി അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയന് പുറമെ, മകള് ടി വീണ, ഭര്ത്താവും മുന് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്ജി നൽകിയത്.
ജസ്റ്റിസുമാരായ കെ നടരാജന്, ജോണ്സണ് ജോണ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. സിംഗിള് ബെഞ്ച് പരിഗണിച്ച ഹര്ജിയില് പിണറായി വിജയന് അടക്കമുള്ളവര് കക്ഷിയല്ലാത്തതിനാല് ഫയലില് സ്വീകരിക്കണമെങ്കില് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം ഉണ്ടാകണം. ഹര്ജിയില് സംസ്ഥാന സര്ക്കാര്, ഇഡി, സിംഗിള് ബെഞ്ചിലെ ഹര്ജിക്കാരന് എന്നിവരെ ഡിവിഷന് ബെഞ്ച് വിശദമായി കേട്ടിരുന്നു.

സംസ്ഥാന സര്ക്കാര് തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്ഐടി റദ്ദാക്കി, ഇഡി നല്കിയ കത്തില് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷിക്കാനാണ് സിംഗിള് ബെഞ്ച് ഉത്തരവിട്ടത്. കെഎം ഷാജഹാനാണ് സിംഗിള് ബെഞ്ചില് ഹര്ജി നല്കിയത്. സിഎംആര്എല് ഇടപാടില് വിജിലന്സ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര് ചെയ്തത്. അഴിമതി തടയല് നിയമപ്രകാരമാണ് പിണറായിക്കെതിരെ കേസെടുത്തിട്ടുള്ളത്.

പിണറായിക്കും റിയാസിനുമെതിരേ കേസെടുത്ത് ഇ ഡി
അതിനിടെ സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിജിലൻസ് എഫ്ഐആറിന്റെ ചുവട് പിടിച്ച് രണ്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്. അഴിമതി, ഹവാല ആരോപണങ്ങളിൽ നേരത്തേ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസെടുത്തിരിക്കുന്നത്.




















