ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

Oct 22, 2026

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. 22 പ്രധാന ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശൻറെ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും കേന്ദ്ര സർക്കാരിനെ തൃപ്‌തിപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് വിഷയം ചർച്ച ചെയ്യാൻ ട്രേഡ് യൂണിയനുകളുടെ ഭാരവാഹികളുടെ കൂടെ യോഗം സർക്കാർ വിളിച്ചു ചേർത്തത്.

ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാനത്തിനാവശ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ മുഖ്യ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന സമിതിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് യോഗത്തിൽ സർക്കാർ വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലേബർ കോഡിന്റെ പ്രതികൂല ആഘാതം പരമാവധി കുറയ്ക്കാനും തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കും. കേരളം രൂപീകരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാകണം തയാറാക്കേണ്ടതെന്നും ചർച്ചയിൽ നിർദേശമുയർന്നു.

ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിശ്ചയിച്ചിട്ടുള്ളതുമായി ബന്ധപ്പെട്ട് യൂണിയനുകൾ ഉന്നയിച്ച ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഈ പരിധി കുറയ്ക്കണമെന്ന സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. 2021-ൽ തയ്യാറാക്കിയ പ്രാഥമിക കരട് രേഖയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ യൂണിയനുകൾക്ക് അവസരം നൽകും.

പ്രത്യേക കമ്മിറ്റി തയാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും കൈമാറും. തുടർന്ന് കമ്മിറ്റി നടത്തുന്ന സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് നിലപാടുകളും നിർദേശങ്ങളും അറിയിക്കാനുള്ള അവസരവും ട്രേഡ് യൂണിയനുകൾക്ക് ഉണ്ടാകും. സമിതി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെയും തൊഴിലാളി സംഘടനകളുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ ലേബർ കോഡ് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുക.

LATEST NEWS
പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കും പരസ്യപ്രചാരണങ്ങള്‍ക്കുമായി കിഫ്ബി...

ഓട്ടോ ഡ്രൈവറെ ഫോണിലൂടെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഷൊർണൂരിൽനിന്ന് മോഷ്ടിച്ച ഫോൺ വഴി

ഓട്ടോ ഡ്രൈവറെ ഫോണിലൂടെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഷൊർണൂരിൽനിന്ന് മോഷ്ടിച്ച ഫോൺ വഴി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ചരക്ക് ഓട്ടോ ഡ്രൈവറെ...

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും പിന്നാലെ കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ...