മുംബൈ: കഴിഞ്ഞയാഴ്ച കനത്ത നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ വലിയതോതിലുള്ള തിരിച്ചുവരവാണ് ഓഹരി വിപണി നടത്തിയത്. നിലവില്‍ സെന്‍സെക്‌സ് 200 പോയിന്റിന് മുകളിലാണ്.
കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയാണ് വിപണിയെ സ്വാധീനിച്ച ഒരു ഘടകം. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് മറ്റൊരു കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 114 ഡോളറിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എണ്ണവില എത്തിയിരുന്നു. സൗദി അറേബ്യയില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില ഉയരാന്‍ കാരണം. വെള്ളിയാഴ്ച വലിയ തോതിലുള്ള മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് എണ്ണവില കുറഞ്ഞത്.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. വെള്ളിയാഴ്ച 887 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. ശ്രീറാം ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ കൊട്ടക് മഹീന്ദ്ര, ബിഎസ്ഇ ലിമിറ്റഡ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, അദാനി പോര്‍ട്‌സ് ഓഹരികള്‍ നേട്ടം സ്വന്തമാക്കി.



















