ഹൈദരാബാദ്: തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സഹപ്രവര്‍ത്തകനെ വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം 29കാരിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ മൈന്‍ഡ് സ്‌പേസ് ഐടി കോറിഡോറിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അര്‍ച്ചന ചൗധരിയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടേയാണ് അര്‍ച്ചന തന്റെ സഹപ്രവര്‍ത്തകനെ വിഡിയോ കോള്‍ ചെയ്തത്. ഹൈദരാബാദിന് പുറത്ത് തന്റെ അമ്മയ്‌ക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഈ സമയത്ത് സഹപ്രവര്‍ത്തകന്‍. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അര്‍ച്ചന സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ അര്‍ച്ചനയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പുലര്‍ച്ചെ 5.30ന് ഇയാള്‍ അര്‍ച്ചനയുടെ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.



















