മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത

Oct 30, 2026

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റും പൊടിപടലങ്ങളും ഉയര്‍ന്നേക്കാം. ഉള്‍പ്രദേശങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറഞ്ഞു.

പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.തെക്ക്-കിഴക്ക്, വടക്ക്-കിഴക്ക് ദിശകളില്‍ നിന്ന് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് മേഘാവൃതമായ സമയങ്ങളില്‍ ശക്തമായേക്കാം. കാറ്റിന്റെ വേഗത തീരദേശങ്ങളില്‍ 35 കി.മീറ്ററും ഉള്‍നാടുകളില്‍ 45 കി.മീറ്ററും മലയോര മേഖലകളില്‍ 55 കി.മീറ്ററും വരെ ഉയര്‍ന്നേക്കാം.

തീരദേശങ്ങളിലും ഉള്‍നാടുകളിലും ഈര്‍പ്പം 90 ശതമാനം വരെ ഉയര്‍ന്നേക്കാം. രാത്രിയിലും ശനിയാഴ്ച രാവിലെയുമായി പടിഞ്ഞാറന്‍ മേഖലകളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കും.

ശനിയാഴ്ച കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ മഴമേഘങ്ങള്‍ ശക്തമാകാനും മഴ പെയ്യാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്തിയേക്കാം. ഞായറാഴ്ച കിഴക്കന്‍, വടക്കന്‍ പ്രദേശങ്ങളില്‍ മഴ സാധ്യത നിലനില്‍ക്കും. രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി ഈര്‍പ്പം വര്‍ധിക്കാനും മൂടല്‍മഞ്ഞിന് സാധ്യതയുമുണ്ട്. കാറ്റിന്റെ വേഗത 40 കി.മീ വരെ ആകാം. തിങ്കളാഴ്ചയും കാലാവസ്ഥാ വ്യതിയാനം തുടരും. വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.

LATEST NEWS