തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ ബിയർ വൈൻ പാർലറുകൾക്ക് ബാർ അനുമതി നൽകിയതിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം, പത്തനംതിട്ട എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാരായ പി.കെ സതീഷ്, പി.എൽ ഷിബു എന്നിവർക്കെതിരെയാണ് നടപടി.
മദ്യനയ ചർച്ച പൂർത്തിയാകും മുമ്പ് ലൈസൻസ് പുതുക്കി നൽകിയത് ഗുരുതര വീഴ്ചയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വകുപ്പിനോട് അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് ലൈസൻസ് അനുവദിച്ചിരുന്നത്.
2014ൽ ബിയർ, വൈൻ പാർലറായി മാറിയ ടു സ്റ്റാർ ഹോട്ടലുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ശ്രേണി ഉയർത്തിയതിന്റെ ഭാഗമായ സ്വാഭാവിക നടപടി എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ സർക്കാറിന്റെ വരാൻ പോകുന്ന മദ്യനയത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അതിനു മുമ്പേ അനുമതി നൽകിയതിൽ കടുത്ത അതൃപ്തിലായിരുന്നു എക്സൈസ് മന്ത്രി.
അതേസമയം, സംഭവത്തിൽ വീഴ്ചയില്ലെന്ന് എക്സൈസ് കമ്മിഷണർ എസ്. സാംബശിവ റാവു അറിയിച്ചു. മൂവാറ്റുപുഴയിലെ ഹോട്ടൽ ഗംഗ, എറണാകുളത്തെ ഹോട്ടൽ മേഘ, പാലയിലെ ഹോട്ടൽ മയ്യ തുടങ്ങിയ സ്ഥാപനങ്ങൾക്ക് എഫ്എൽ-3 ലൈസൻസ് പുതുക്കി നൽകിയത് നിയമപരമായ നടപടി മാത്രമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ത്രി സ്റ്റാർ പദവിയുണ്ടെന്ന് തെളിഞ്ഞാൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാമെന്നും നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിൽ നിൽക്കെ, സർക്കാരുമായി ആലോചിക്കാതെ ലൈസൻസ് പുതുക്കിയത് ശരിയായില്ലെന്ന കടുത്ത നിലപാടിലാണ് എക്സൈസ് മന്ത്രി എം. ലിജു. സർക്കാർ നയം അനുസരിച്ചുവേണം ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ എന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.



















