ബംഗളൂരു: ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ ‘കോണ്‍റാഡ്’ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ താമസിച്ചിരുന്ന ജര്‍മ്മന്‍, സ്ലോവാക്യന്‍ പൗരന്മാരാണ് മരിച്ചത്.
ജര്‍മ്മന്‍ പൗരനും ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരനുമായ അലക്‌സാണ്ടര്‍ മാക്‌സിമിലിയന്‍ തീസ് (57), സ്ലൊവാക്യന്‍ പൗരനും ഐബിഎം പ്രോജക്ട് മാനേജരുമായ ജൂറാജ് ഹോര്‍വാത് (45) എന്നിവരാണ് മരിച്ചത്. വിദേശികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൂളിലെ ജീവനക്കാരനായ ഇന്ത്യക്കാരനും അമേരിക്കന്‍ പൗരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം നീന്താനായി ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള സ്വിമ്മിങ് പൂളില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അലക്‌സാണ്ടറുടെ ഭാര്യ സില്‍വിയ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരും സ്വിമ്മിങ് പൂളില്‍ വൈദ്യുതാഘാതമേറ്റ് വെള്ളത്തില്‍ മുങ്ങിമരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നീന്തല്‍ക്കുളം കൃത്യമായി പരിപാലിക്കുന്നതില്‍ കോണ്‍റാഡ് ഹോട്ടല്‍ മാനേജ്മെന്റ് വരുത്തിയ അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.



















