ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി. ഒരുമണിക്കൂറിന് 11,800 രൂപയാണ് പുതിയ വാടകനിരക്ക്. കഴിഞ്ഞ ദിവസത്തെ ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്.
ജിഎസ്ടി ഉള്‍പ്പടെ 5900 രൂപയായിരുന്നു ഇതുവരെ. ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഒരുമണിക്കൂര്‍ ഒരുസ്ലോട്ടായി കണക്കാക്കിയാണ് ഇവിടെ വാടക നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60 ലക്ഷം രൂപയാകും. ഓഡിറ്റോറിയങ്ങള്‍ 60 ദിവസം മുന്‍പ് ബുക്ക് ചെയ്യണമെന്നുള്ളതിനാല്‍ ജനുവരിയിലേത് ഇപ്പോഴെ ചെയ്യണം. ഒരു സ്ലോട്ട് ലഭിക്കാന്‍ നേരിട്ട് എത്തി അപേക്ഷ നല്‍കണം. ഒരുസ്ലോട്ടിന് ഒന്നിലധികം പേര് ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് സ്ലോട്ട് അനുവദിക്കുക.
നിരക്ക് കൂട്ടിയത് സാധാരണ കലാകാരന്മാര്ക്ക് തിരച്ചടിയാണെങ്കിലും ബുക്കിങിന്റെ മറവില്‍ ചിലര്‍ പണമുണ്ടാക്കുന്നതായി ദേവസ്വത്തിന് പരാതി കിട്ടിയിട്ടുണ്ട്. 5900 രൂപയടച്ചുള്ള ഒരു സ്ലോട്ടില്‍ എത്രപേര്‍ക്ക് വേണമെങ്കിലും നൃത്തം അവതരിപ്പിക്കാം. ചിലര്‍ നേരത്തെ സ്ലോട്ട് ബുക്ക് ചെയ്തിട്ട് വന്‍ തുകയ്ക്ക് മറിച്ചുകൊടുക്കുന്നതായും പരാതിയുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ഒട്ടേറെ പേരാണ് ഗുരുവായൂരില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നത്. ഇതിലേറെയും നൃത്തസംഘങ്ങളാണ്. ഏകാദശി വിളക്ക് നടത്തുന്ന ഒട്ടുമിക്ക വ്യക്തികളും സംഘടനകളും ഒരുമുഴുവന്‍ ദിവസത്തെ കലാപരിപാടികള്‍ നടത്തുക പതിവാണ്. ഇവരെയെല്ലാം നിരക്കുവര്‍ധന ബാധിക്കും. 3450 രൂപയായുന്നു നേരത്തെ ഒന്നരമണിക്കുറിനുള്ള നിരക്ക്. ഒരുവര്‍ഷം മുന്‍പാണ് 5900 രൂപയായി വര്‍ധിപ്പിച്ചത്.



















