മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Nov 2, 2026

കൊച്ചി: മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ടോമിന്‍ ചികിത്സയിലായിരുന്നുവല്ലോയെന്നും പിന്നെ എങ്ങനെ വിദേശത്ത് പോകുമെന്നും കോടതി ചോദിച്ചു.

വിദേശത്ത് ജോലിയുണ്ടെന്നും അവിടെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നും അതുകൊണ്ട് ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നുമായിരുന്നു തച്ചങ്കരിയുടെ ആവശ്യം. യുഎഇയിലേക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി നല്‍കുക, അല്ലെങ്കില്‍, ഒക്ടോബര്‍ 26 മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള സമയത്ത് യുഎഇയിലേക്ക് പോകാന്‍ അനുമതി നല്‍കുക എന്ന് ആവശ്യപ്പെട്ടായിരുന്നു തച്ചങ്കരിയുടെ ഹര്‍ജി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോട്ടയം വിജിലന്‍സ് സ്‌പെഷല്‍ കോടതി തച്ചങ്കരിയെ 4 വര്‍ഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.

കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യത്തിനു പുറത്തുപോകരുതെന്ന ജാമ്യ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. താന്‍ ഷാര്‍ജയില്‍ ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്തുവരികയാണെന്നും ഒപ്പം ദുബായിലെ ഐടി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ പങ്കാളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ ഉടന്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നും ഇത് തന്റെ ഉപജീവനമാര്‍ഗത്തെ സാരമായി ബാധിക്കുമെന്നും തച്ചങ്കരി പറയുന്നു.

ഹര്‍ജി പരിഗണിക്കുന്നതിനിടെ തച്ചങ്കരിക്കെതിരെ രൂക്ഷമായ പരിഹാസമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ജയിലിലേക്ക് പോയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് പോയ ആളാണ് ടോമിന്‍ ജെ തച്ചങ്കരിയെന്നും കോടതി അഭിപ്രായപ്പെട്ടു. ജയിലില്‍ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോള്‍ ജോലിക്ക് പോകണമെന്ന് പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. ആരോഗ്യപ്രശ്‌നങ്ങളാണ് ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിക്കാണിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുള്ളയാള്‍ക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ചയ്ക്കുള്ളില്‍ തച്ചങ്കരിയുടെ ചികിത്സാവിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി പൂജപ്പുര ജയില്‍ സൂപ്രണ്ടിനോട് നിര്‍ദേശിച്ചു.

എത്രദിവസം ജയിലില്‍ കഴിഞ്ഞു, എത്ര ദിവസം ആശുപത്രിയില്‍ കഴിഞ്ഞു എന്നതടക്കം അറിയിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ജയിലില്‍ പോകുമ്പോള്‍ ഗുരുതരരോഗം ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സുഖവാസം എന്ന നിലപാട് ആണ് പലര്‍ക്കുമുള്ളത്. ഇത് കാണുന്ന ജനങ്ങള്‍ കോടതിയിലുള്ള ജഡ്ജിമാര്‍ക്ക് ബുദ്ധിയില്ലെന്ന് കരുതും. എന്നാല്‍ ആരും അങ്ങനെ കരുതേണ്ടതില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍ ഓര്‍മിപ്പിച്ചു.

LATEST NEWS
അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടുമെന്ന...