കാസർകോട്: ഔദ്യോഗിക ചടങ്ങിനിടെ ദേശീയഗീതമായ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുന്നതിന് മുൻപ് മന്ത്രി കെ. മുരളീധരൻ ഇരുന്നത് വിവാദത്തിൽ. കാസർകോട് മൂലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ഉദ്ഘാടനച്ചടങ്ങിനിടയിലാണ് സംഭവം. ഗാനം പൂർത്തിയാകുന്നതിന് മുൻപ് തന്നെ മന്ത്രി ഇരിക്കുകയായിരുന്നു.
മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന ജില്ലാ കളക്ടർ, . രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെ മഹിൻ എം.എൽ.എ. എന്നിവരും ഗാനം തീരുന്നതിന് മുൻപ് തന്നെ ഇരുന്നു. എന്നാൽ കെ. നീലകണ്ഠൻ എം.എൽഎയും ഡിസിസി.പ്രസിഡന്റ് പി.കെ. ഫൈസലും ഗാനം പൂർത്തിയാകുന്നത് വരെ എഴുന്നേറ്റു നിന്നിരുന്നു. ആദ്യ രണ്ട് ചരണങ്ങൾ പാടിക്കഴിഞ്ഞയുടൻ മന്ത്രിയും മറ്റുള്ളവരും ഇരിക്കുന്നതിൻറെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വന്ദേമാതരം ബാക്കി ആലപിക്കുന്നതിനിടെ മന്ത്രി അരികിലിരുന്നവരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെച്ചൊല്ലി വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ സംഭവം. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്നാണ് കോൺഗ്രസ് നിലപാട്. കേരളത്തിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കില്ലെന്നും സർക്കാർ ചടങ്ങുകളിൽ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ഉൾപ്പെടുത്തൂ എന്നും മന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.



















