ലോസാഞ്ചലസ്: തിരുവനന്തപുരത്ത് ജനിച്ച നിത്യ രാമന് ലോസാഞ്ചലസ് മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി. നിലവിലെ മേയര്‍ കാരെന് ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. യുഎസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസാഞ്ചലസ് നഗരത്തിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിതകൂടിയാണിവര്.
ഡിസിഷന്‍ ഡെസ്ക് എച്ച് ക്യു പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 51.1 ശതമാനം വോട്ടുകളാണ് നിത്യ നേടിയത്. എന്നാല്‍ കാരെന് ബാസിന് 48.33 വോട്ടുകളെ നേടാന്‍ സാധിച്ചുള്ളു. ആറു വര്‍ഷത്തോളമായി ഡിസ്ട്രിക് 4നെ പ്രതിനിധീകരിക്കുന്ന ലൊസാഞ്ചലസ് സിറ്റി കൗണ്‍സില്‍ അംഗമാണ് നിത്യ. സിറ്റി കൗണ്‍സിലില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വനിതയും ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജയുമാണ്.
കലിഫോര്‍ണിയയില്‍ അര്‍ബന്‍ പ്ലാനര്‍ കൂടിയായ നിത്യ, ഭവനരഹിതരുടെ പ്രതിസന്ധി പരിഹരിക്കാനായാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. നഗരത്തിലെ ഉയര്‍ന്ന ജീവിതച്ചെലവ്, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തി നടത്തിയ പ്രചാരണമാണ് നിത്യയ്ക്ക് യുവ വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച പിന്തുണ കിട്ടാന്‍ കാരണമായത്. 2028ല്‍ നടക്കുന്ന ഒളിമ്പിക്സിന് ലോസാഞ്ചലസ് നഗരം ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഭരണനേതൃത്വത്തിലേയ്ക്ക് നിത്യ രാമന് എത്തുന്നത്.
കേരളവുമായുള്ള ബന്ധം:
1981 ജൂലൈ 28ന് തിരുവനന്തപുരത്താണ് നിത്യ രാമന്റെ ജനനം. നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവില്തെരുവിലാണ് നിത്യയുടെ കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കഴിഞ്ഞിരുന്നത്. കെല്ട്രോണിക്സിലെ ഉദ്യോഗസ്ഥനായിരുന്ന ആര്. വെങ്കട്ടരാമനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കള്‍. തിരുവനന്തപുരത്തുള്ള കുടുംബവീട് നേരത്തേ വിറ്റുപോയി. കുടുംബാംഗങ്ങളാരും കോട്ടയ്ക്കകത്ത് താമസമില്ല. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് ഈ തമിഴ് കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറിയത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും എംഐടിയിലും പഠനം പൂര്‍ത്തിയാക്കി. 2020ല്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2024ലും വിജയം ആവര്‍ത്തിച്ചു. തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭര്‍ത്താവ്. ഇരട്ടക്കുട്ടികളായ കര്‍ണനും കാവേരിക്കുമൊപ്പം സില്വര്ലേക്കിലാണ് നിത്യയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.



















