തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി. അഡീഷണല്‍ കമ്മീഷണര്‍ക്കാണ് താല്‍ക്കാലിക ചുമതല. എക്‌സൈസ് മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെയാണ് മാറ്റം. മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു.
കമ്മീഷണറുടെ നടപടികള്‍ ദുരൂഹവും എക്‌സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റാന്‍ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി
നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ രണ്ട് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമെന്നായിരുന്നു എക്‌സൈസ് കമ്മിഷണറുടെ വിശദീകരണം. എഫ്എല്‍ സെവന്‍ ലൈസന്‍സ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നുമായിരുന്നു നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
വിവാദങ്ങള്‍ക്ക് പിന്നാലെ എക്‌സൈസ് മന്ത്രിക്ക് എക്‌സൈസ് കമ്മിഷണര്‍ സാംബശിവ റാവു വിശദീകരണം നല്‍കിയിരുന്നു. ഇതുവരെ നിയമപരമായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുമതിയില്‍ സര്‍ക്കാരിലേക്ക് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രിക്ക് നല്‍കിയ വിശദീകരണത്തിലുണ്ട്.



















