മൂന്ന് പതിറ്റാണ്ട് മുമ്പ് വയോധികയുടെ ജീവനെടുത്ത പ്രതിയെ തേടിപ്പിടിച്ച് പൊലീസ്; കൊല്ലത്തെ മരണവീട്ടിൽ നിന്ന് കുടുങ്ങി

Nov 6, 2026

തൃശൂർ: മൂന്ന് പതിറ്റാണ്ടുകാലം നിയമത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കുപ്രസിദ്ധ കുറ്റവാളി ഒടുവില്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ വലയില്‍. 1995-ൽ തൃശൂർ കിഴക്കേക്കോട്ടയിൽ വയോധികയായ മാർത്തയെ (65) കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആറുപവൻ സ്വർണം കവർന്ന കേസിൽ മുങ്ങിനടന്ന ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി സ്വദേശി കൃഷ്ണകുമാറാണ് (49) പൊലീസ് പിടിയിലായത്. വ്യാജ പേരും വിലാസവും സൃഷ്ടിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ കൊല്ലം കുണ്ടറയിലെ ഒരു മരണവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കേവലം പതിനെട്ടാം വയസ്സിലാണ് കൃഷ്ണകുമാറും കൂട്ടുകാരനായ ചാലക്കുടി സ്വദേശി പ്രസാദും ചേർന്ന് തനിച്ചു താമസിച്ചിരുന്ന മാർത്തയെ ക്രൂരമായി കൊലപ്പെടുത്തുന്നത്. ആറു പവൻ സ്വർണത്തിനു വേണ്ടിയായിരുന്നു ക്രൂരത. കൃത്യം നടന്ന് അധികം വൈകാതെ ഇരുപങ്കാളികളും പിടിയിലായെങ്കിലും, ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ ആ നിമിഷം മുതൽ അപ്രത്യക്ഷനാവുകയായിരുന്നു.

കോടതി ഇയാള്‍ക്കെതിരെ ലോങ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അമ്മ മാനസിക വിഭ്രാന്തി മൂലം നാടുവിട്ടുപോയ സാഹചര്യത്തിൽ പ്രതിക്ക് നാട്ടിൽ വേരുകളുമുണ്ടായിരുന്നില്ല.

വഴിത്തിരിവായത് അമ്മാവനെക്കുറിച്ചുള്ള ആ ഒറ്റ വാചകം.

തീര്‍ത്തും നിശ്ചലമായ കേസിന് ജീവന്‍ വെക്കുന്നത് പൊലീസ് സംഘം നടത്തിയ ക്ഷമയോടെയുള്ള ബന്ധു തിരച്ചിലിലാണ്. ഷൊര്‍ണൂരിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയ പൊലീസിന് ലഭിച്ച ഏക സൂചന ഇതായിരുന്നു: ‘കൃഷ്ണകുമാറിന് പട്ടാളത്തിലായിരുന്ന ഒരമ്മാവനുണ്ട്, കൃഷ്ണകുമാറിനോട് വലിയ ഇഷ്ടമായിരുന്നു.’ ഇതിൽ പിടിച്ച് പൊലീസ് അന്വേഷണം പുതിയ വഴിയിലേക്ക് നീങ്ങി.

കൊലപാതകത്തിന് ശേഷം ഈ അമ്മാവൻ പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോയി കാണുമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. 2022-ൽ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ഡൽഹിയിലെത്തി മലയാളി കൂട്ടായ്മകൾ വഴി തിരച്ചിൽ നടത്തി. അമ്മാവനായ ഗോപാലകൃഷ്ണൻ ഇതിനകം മരണപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മകളെ കണ്ടെത്തി ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ ‘മഹേഷ് നായർ’ എന്ന പേരിലേക്കും അതിലൂടെ യു.പി. മീററ്റിലെ ഡൗറാല ഷുഗർ ഫാക്ടറിയെന്ന വിലാസത്തിലേക്കും പൊലീസ് എത്തിപ്പെട്ടു.

മീററ്റിലെത്തിയ പൊലീസിന് ആദ്യഘട്ടത്തിൽ തിരിച്ചടികൾ നേരിട്ടെങ്കിലും, സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയ കൃഷ്ണകുമാറിന്റെ പഴയൊരു ചിത്രമാണ് വഴിത്തിരിവായത്. പൊലീസ് പോർട്ടൽ വഴി ഈ ഫോട്ടോ പരിശോധിച്ചപ്പോൾ യു.പി. മീററ്റിലുള്ള ഒരു പാൻകാർഡ് വിലാസത്തിലെ ഫോട്ടോയുമായി അത് ഒത്തു വന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രതിയെ ഉറപ്പിക്കാൻ കഴിയാതിരുന്നതോടെ, മീററ്റിൽ കച്ചവടം നടത്തുന്ന മലയാളി വ്യാപാരിയെ പൊലീസ് നേരിട്ടുകണ്ടു.

ഫോട്ടോ കാണിച്ചതോടെ പ്രതി ഗോപാലകൃഷ്ണന്റെ വളർത്തുമകനായ ‘മഹേഷ് നായർ’ തന്നെയെന്ന് വ്യാപാരി ഉറപ്പിച്ചു. എന്നാൽ, 15 വർഷത്തെ മീററ്റ് ജീവിതത്തിനും വിവാഹത്തിനു ശേഷം ഇയാൾ അവിടെനിന്നും പോയെന്ന വിവരമാണ് പൊലീസിന് കിട്ടിയത്.

മരണവീട്ടിലെ വിധി

പ്രതിയുടെ ഭാര്യ കൊല്ലം കുണ്ടറ സ്വദേശിനിയാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം വീണ്ടും വഴിത്തിരിവിലായി. കൊല്ലത്തേക്ക് തിരിച്ച പൊലീസ് സംഘം, കുണ്ടറയിൽ വ്യാജവിലാസത്തിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെത്തി. ഒരു നാടിനെയും ഭാര്യയെയും മക്കളെയും വരെ യഥാർത്ഥ പേരുപോലും വെളിപ്പെടുത്താതെ പറ്റിക്കുകയായിരുന്നു ഇയാൾ. സ്ഥാപന ഉടമയോട് തിരക്കിയപ്പോൾ ഇയാൾ കുടുംബസമേതം സമീപത്തെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്ന് വ്യക്തമായി. അവിടെയത്തിയ പൊലീസ് സംഘം ഒരു മരണവീട്ടിൽ വെച്ച് പ്രതിയെ കുടുക്കുകയായിരുന്നു.

LATEST NEWS
വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

തൃശൂര്‍: വനിതാ ട്രെയിനികളോട് ലൈംഗികച്ചുവയില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ എക്‌സൈസ്...