ബംഗളൂരു: സംസ്ഥാനത്തെ ചില പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് അല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും കമ്പനികള്‍ വ്യക്തമാക്കി.
പ്രധാന എണ്ണ വിതരണ കമ്പനികള്‍ വിതരണം ചെയ്യുന്ന പെട്രോളില്‍ അനുവദനീയമായ 20 ശതമാനം പരിധിക്ക് മുകളില്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും ചില പരിശോധനകളില്‍ ഇത് 31.2 ശതമാനം വരെയാണെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രധാന ആരോപണം. നിശ്ചിത പരിധി കടന്ന പശ്ചാത്തലത്തില്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു, കോലാര്‍, ചിക്കബല്ലാപുര, ബംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക മന്ത്രി റിസ് വാന്‍ അര്‍ഷാദ് ആവശ്യപ്പെട്ടത്.
ഈ അവകാശവാദങ്ങള്‍ നിയമപരവും സാങ്കേതികവുമായ നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലല്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തുടനീളം തങ്ങള്‍ വിതരണം ചെയ്യുന്ന ഇ20 പെട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ മാനദണ്ഡമായ IS 17021 പാലിക്കുന്നതാണെന്നും കമ്പനികള്‍ അവകാശപ്പെട്ടു.
സാമ്പിളുകള്‍ ശേഖരിച്ച രീതിയെ കുറിച്ചും ഉപയോഗിച്ച പരിശോധനാ രീതികളെ കുറിച്ചും ആശങ്ക ഉണ്ട്. 1955ലെ അവശ്യസാധന നിയമത്തിന് കീഴില്‍ 2005ല്‍ പുറപ്പെടുവിച്ച മോട്ടോര്‍ സ്പിരിറ്റ് ആന്റ് ഹൈ സ്പീഡ് ഡീസല്‍ ( വിതരണം, വിതരണ ശൃംഖലയുടെ നിയന്ത്രണം, ക്രമക്കേടുകള്‍ തടയല്‍) ഉത്തരവ്, മാര്‍ക്കറ്റിങ് ഡിസിപ്ലീന്‍ ഗൈഡ്‌ലൈന്‍ 2024 എന്നിവ പ്രകാരം സാമ്പിളുകള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും ഫലങ്ങള്‍ അറിയിക്കുന്നതിനും കൃതമായ നടപടിക്രമങ്ങള്‍ ഉണ്ട്. ഇത് ഇവിടെ പാലിച്ചിട്ടില്ലെന്നും കമ്പനികള്‍ ആരോപിച്ചു.



















