തിരുവനന്തപുരം: ഉച്ചക്കട ജങ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വിഴിഞ്ഞം- ബാലരാമപുരം റൂട്ടിൽ തിങ്കളാഴ്ച രാത്രി 9.15നാണ് സംഭവം. കാറിലുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പനയറകുന്ന് സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. യാത്രയ്ക്കിടെ കാറിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് ഉച്ചക്കട ജങ്ഷന് സമീപം വാഹനം നിർത്തിയിടുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കളിലൊരാൾ സമീപത്തെ പമ്പിലേക്ക് പെട്രോൾ വാങ്ങാൻ പോയ സമയത്താണ് കാറിന്റെ മുൻഭാഗത്ത് തീയും പുകയും ഉയർന്നത്.നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കാർ പൂർണമായും കത്തി നശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേനയും വിഴിഞ്ഞം പൊലീസും ചേർന്ന് തീയണച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



















