കോഴിക്കോട്: വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും വീടും കാറും അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. ജിബിൻ ബാബു (31), എബിൻ ബാബു (25) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് പിടികൂടിയത്. കോഴിക്കോട് കാരശേരിയിലാണ് ഈ സംഭവം.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ ഈ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളുടെ മദ്യപാനവും ശല്യവും കാരണം പ്രദേശവാസികൾ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഇവരെ വാടകവീട്ടിൽനിന്ന് ഒഴിപ്പിച്ചിരുന്നു. ഈ വിരോധത്തിലാണ് പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്. രാത്രി വീട്ടിലെത്തിയ പ്രതികൾ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കാറും വീടിന്റെ ജനലുകളും അടിച്ചുതകർത്ത്നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു.
വീടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ ഉടൻതന്നെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സമാനമായ മറ്റൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 2024-ലും ഈ സഹോദരങ്ങൾക്കെതിരെ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.



















