തിരുവനന്തപുരം: റേഷൻ കടകൾക്ക് മുന്നിലെ നീണ്ട ക്യൂവിനും കാത്തിരിപ്പിനും വിരാമമിടാൻ അത്യാധുനിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎമ്മുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ വഴി ഗുണഭോക്താക്കൾക്ക് ഇനി 24 മണിക്കൂറും റേഷൻ വിഹിതം കൈപ്പറ്റാം. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്.
റേഷൻ വിതരണം കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന സംവിധാനം അവതരിപ്പിക്കുന്നത്. ഗുണഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യാർത്ഥം ഏത് സമയത്തും എടിഎം വഴി ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.



















