വർക്കലയിൽ റസ്റ്റോറന്റുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
വർക്കല: വിനോദസഞ്ചാര മേഖലയിലെ റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വിവിധ ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.
വർക്കല ഹെലിപാഡ് പരിസരത്ത് പ്രവർത്തിക്കുന്ന ബുദ്ധ കഫേ, ബാബാ കി ദാബ, ലിറ്റിൽ ടിബറ്റ്, ഏഷ ടൂറിസ്റ്റ് ഹോം, മാമൂസ് തുടങ്ങിയ റസ്റ്റോറന്റുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. പഴകിയ ചിക്കൻ റൈസ്, പൊറോട്ട, ഞണ്ട് വിഭവങ്ങൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു.
അതേസമയം, വർക്കല ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, ദ്വാരക ഹോട്ടൽ എന്നിവിടങ്ങളിലെ പാചകപ്പുരകൾ വൃത്തിഹീനമായ നിലയിൽ കണ്ടെത്തി. തുടർന്ന് ഹോട്ടൽ അധികൃതർക്ക് ന്യൂനതകൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വിനോദസഞ്ചാരികളുടെ സുരക്ഷയും ഭക്ഷ്യശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.



















