മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

Nov 25, 2026

സാന്‍ ജുവാന്‍ (പ്യൂര്‍ട്ടോ റിക്കോ): മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്ത്. അവസാന 30ല്‍ എത്തിയെങ്കിലും 12 പേരിലേക്ക് ചുരുങ്ങിയതോടെയാണ് മാവേലിക്കര സ്വദേശിയായ 19കാരി പുറത്തായത്. മിസ് യൂനിവേഴ്‌സ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളി എന്ന നേട്ടത്തോടെയാണ് കെസിയ ആഗോള സൗന്ദര്യമത്സരത്തിന്റെ വേദിയിലെത്തിയത്. 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ 116 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് കിരീടത്തിനായി മാറ്റുരച്ചത്. നിലവിലെ മിസ് യൂണിവേഴ്‌സ് ജേതാവായ മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് പിന്‍ഗാമിക്ക് കിരീടം കൈമാറും.

മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ മികച്ച പ്രകടനവുമായി കെസിയ ടോപ് 30ല്‍ ഇടംപിടിച്ചു. ചിലി, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പമാണ് കെസിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. രാവിലെ 6.55ന് ആരംഭിച്ച ഓപ്പണിങ് റൗണ്ടില്‍ കെസിയ വേദിയിലെത്തി സ്വയം പരിചയപ്പെടുത്തി. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് പുറപ്പെട്ടത് ഡിസൈനര്‍ ആഷിഷ് കുമാര്‍ ഒരുക്കിയ ഇലക്ട്രിക് ബ്ലൂ വസ്ത്രം ധരിച്ചായിരുന്നു.

മത്സരത്തില്‍ കെസിയയുടെ വസ്ത്രധാരണം ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ തുണിത്തരങ്ങളുടെ വൈവിധ്യവും സമന്വയിപ്പിച്ചാണ് ദേശീയ വേഷം ഒരുക്കിയത്. കേരളത്തിന്റെ പ്രകൃതിഭംഗി, വാസ്തുവിദ്യ, സാംസ്‌കാരിക തനിമ എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രത്യേക ബാക്ക്പീസും വേഷത്തിന്റെ ഭാഗമായി. സ്വിം സ്യൂട്ട് റൗണ്ടില്‍ ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള വേഷത്തിലാണ് കസിയ എത്തിയത്. ഫൈനല്‍ ഈവനിങ് ഗൗണ്‍ റൗണ്ടിനായി ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള മെര്‍മെയ്ഡ് ശൈലിയിലുള്ള ഗൗണും നീല നിറത്തിലേക്ക് മാറുന്ന സ്‌കര്‍ട്ടുമാണ് തിരഞ്ഞെടുത്തത്. വിയറ്റ്‌നാം ആസ്ഥാനമായുള്ള ഡിസൈനര്‍ ഹൗസ് നാ മോട്ട് ആണ് ഗൗണ്‍ ഒരുക്കിയത്.

മത്സരത്തിന് മുന്നോടിയായി മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സന്ദേശവും കെസിയ പങ്കുവച്ചിരുന്നു. മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വിഡിയോയില്‍ മലയാളത്തിലാണ് താരം സംസാരിച്ചത്. 75 വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ചരിത്രത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധിയാകുന്നതിലൂടെ നമ്മള്‍ ചരിത്രം സൃഷ്ടിച്ചെന്നും തനിക്ക് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും കെസിയ പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പിന്തുണയും താരം അഭ്യര്‍ഥിച്ചിരുന്നു.

മാവേലിക്കര സ്വദേശിയായ കെസിയയുടെ ബാല്യകാലം ഏറെയും അബുദാബിയിലായിരുന്നു. എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. നിലവില്‍ ബംഗളൂരുവില്‍ നിയമപഠനം നടത്തുന്നതിനൊപ്പം മോഡലിങ്ങിലും സജീവമാണ്. 17-ാം വയസില്‍ മിസ് ടീന്‍ ദിവാ 2024 കിരീടം നേടിയതോടെയാണ് സൗന്ദര്യമത്സര രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 2025ല്‍ മിസ് ടീന്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായി. 2026ല്‍ മിസ് യൂണിവേഴ്‌സ് കേരള കിരീടവും സ്വന്തമാക്കി. ഓഗസ്റ്റ് 23ന് ജയ്പൂരില്‍ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ 52 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് ദേശീയ കിരീടം നേടിയത്.

ക്ലാസിക്കല്‍ നൃത്തത്തില്‍ 12 വര്‍ഷത്തെ പരിശീലനമുള്ള കസിയയ്ക്ക് വയലിന്‍, ഡ്രംസ് എന്നിവ വായിക്കാനും പാടാനും അറിയാം. മലയാള സിനിമയായ ഷൈലോക്കിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇന്ത്യ ഇതുവരെ മൂന്ന് തവണയാണ് മിസ് യൂണിവേഴ്‌സ് കിരീടം നേടിയിട്ടുള്ളത്. 1994ല്‍ സുസ്മിത സെന്‍, 2000ല്‍ ലാറ ദത്ത, 2021ല്‍ ഹര്‍നാസ് സന്ധു എന്നിവരാണ് ഇന്ത്യയ്ക്കായി കിരീടം സ്വന്തമാക്കിയത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കിരീടം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പ്രതീക്ഷയിലാണ് ഇത്തവണ കെസിയ.

LATEST NEWS
രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

ഗുരുവായൂര്‍: രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും. മൂന്നിന്...

മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

ഇടുക്കി: ചക്കക്കൊമ്പന്‍ എന്ന കാട്ടാനെയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന വനംവകുപ്പിന്റെ...