വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റിന് പകരം സിന്‍ഡിക്കേറ്റ്, സര്‍ക്കാരിന് കൂടുതല്‍ അധികാരം; ഭേദഗതി ബില്‍ അവതരിപ്പിക്കും

Nov 26, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ (വിസി) നിയമിക്കുന്നതില്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാധീനം ലഭിക്കുന്ന തരത്തില്‍ നിയമഭേദഗതിയുമായി യുഡിഎഫ് സര്‍ക്കാര്‍. നാല് സര്‍വകലാശാലകളിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വകലാശാലയുടെ പ്രതിനിധിയായി സെനറ്റിന് പകരം സിന്‍ഡിക്കേറ്റിനെ ഉള്‍പ്പെടുത്താനാണ് ഭേദഗതി ബില്ലിലെ പ്രധാന നിര്‍ദേശം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിസി നിയമന സമിതിയിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിസിമാരുടെ കാലാവധി നീട്ടുന്നതിനും ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഏഴ് സംസ്ഥാന സര്‍വകലാശാലകളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ യൂണിവേഴ്സിറ്റി ലോസ് (അമെന്‍ഡ്മെന്റ്) ബില്‍, നവംബര്‍ 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. നിലവില്‍ കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സര്‍വകലാശാലയുടെ വിശാലമായ പ്രതിനിധി സമിതിയായ സെനറ്റാണ്. യുജിസി ചെയര്‍മാനും ചാന്‍സലറും (ഗവര്‍ണര്‍) നാമനിര്‍ദേശം ചെയ്യുന്നവരാണ് മറ്റ് രണ്ട് അംഗങ്ങള്‍.

പുതിയ ഭേദഗതി പ്രകാരം സെനറ്റിന് പകരം സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് സമിതിയായ സിന്‍ഡിക്കേറ്റിനായിരിക്കും സര്‍വകലാശാലാ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള ചുമതല. സിന്‍ഡിക്കേറ്റുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ക്കും പ്രാതിനിധ്യമുള്ളതിനാല്‍ വിസി നിയമനത്തില്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാധീനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക സര്‍വകലാശാലയില്‍ നിലവില്‍ വിസി നിയമന സമിതിയിലേക്ക് അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നത് ജനറല്‍ കൗണ്‍സിലാണ്. ഇതിന് പകരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും ബില്ലില്‍ നിര്‍ദേശമുണ്ട്.

പ്രായപരിധി 70 ആക്കും

ഏഴ് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരുടെ ഉയര്‍ന്ന പ്രായപരിധി 70 വയസായി ഉയര്‍ത്താനും ബില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ 60 വയസാണ് പ്രായപരിധി. മഹാത്മാഗാന്ധി, സംസ്‌കൃതം, കേരള കാര്‍ഷിക സര്‍വകലാശാലകളില്‍ ഇത് 65 വയസാണ്. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) നിലവില്‍ വിസിയുടെ കാലാവധി നാല് വര്‍ഷമോ 65 വയസ് തികയുന്നതുവരെയോ ആണ്. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയാണ് കാലാവധി.

കാലാവധി നാലില്‍ നിന്ന് അഞ്ചുവര്‍ഷമാക്കും

കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകള്‍, നുവാല്‍സ് എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരുടെ കാലാവധി നാലില്‍ നിന്ന് അഞ്ചുവര്‍ഷമായി ഉയര്‍ത്താനും ബില്‍ നിര്‍ദേശിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിലവില്‍ അഞ്ച് വര്‍ഷമാണ് വിസിയുടെ കാലാവധി. വീണ്ടും നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ടെങ്കില്‍ മറ്റൊരു അഞ്ച് വര്‍ഷത്തേക്കും തുടരാം. നുവാല്‍സില്‍ പുതിയ നിര്‍ദേശപ്രകാരം അഞ്ച് വര്‍ഷമോ 70 വയസ് തികയുന്നതുവരെയോ ആയിരിക്കും കാലാവധി. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയായിരിക്കും പദവിയില്‍ തുടരാനാകുക.

വൈസ് ചാന്‍സലര്‍മാരുടെ കാലാവധിയില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരിക, സെര്‍ച്ച് കമ്മിറ്റികളിലേക്കുള്ള സര്‍വകലാശാലാ പ്രതിനിധികളുടെ നാമനിര്‍ദേശത്തില്‍ ഏകീകൃത സംവിധാനം ഉറപ്പാക്കുക, യുജിസി ചട്ടങ്ങള്‍ക്കനുസരിച്ച് 70 വയസുവരെ വിസിമാര്‍ക്ക് പദവിയില്‍ തുടരാന്‍ അവസരമൊരുക്കുക എന്നിവയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കുന്നതിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതി ബില്ലുമായി യുഡിഎഫ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

LATEST NEWS
വ്യാജ ഫെയര്‍നെസ് ക്രീമിന് വന്‍ വിപണി; പ്രതിമാസം വിറ്റഴിക്കുന്നത് 75 ലക്ഷം പാക്കറ്റുകള്‍

വ്യാജ ഫെയര്‍നെസ് ക്രീമിന് വന്‍ വിപണി; പ്രതിമാസം വിറ്റഴിക്കുന്നത് 75 ലക്ഷം പാക്കറ്റുകള്‍

കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ വ്യാജ ഫെയര്‍നെസ് ക്രീമുകളുടെ വില്‍പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്....

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്‍ഷൂറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇന്‍ഷൂറന്‍സ് പരിരക്ഷ...