ചെന്നൈ: മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ. എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം ഏകീകൃത വര്‍ധനവിന് ബില്‍ അനുമതി നല്കുന്നതിനാലാണ് തീരുമാനമെന്ന് ഡിഎംകെ എംപി എ രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച ഡിഎംകെ; ബില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്നും പറഞ്ഞു. ലോക്സഭയില്‍ 22 എംപിമാരാണ് ഡിഎംകെയുള്ളത്. ഏപ്രിലില്‍ ബില്ലിനെ എതിര്‍ത്ത ഡിഎംകെയുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമാകും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാലും തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടിരുന്നു. 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കി നിശ്ചയിച്ച, സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലെ ലോക്സഭാ സീറ്റ് വിഹിത അനുപാതത്തില്‍ അടുത്ത 25 വര്‍ഷത്തേക്ക് മാറ്റം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബില്ലുമായി വീണ്ടുമെത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അന്നു ലോക്സഭയില്‍ ഹാജരുണ്ടായിരുന്ന 528 എംപിമാരില്‍ 298 പേര് മാത്രമാണ് അനുകൂലിച്ചത്.
230 പേര് എതിര്‍ത്തു. ഭരണഘടനാഭേദഗതി ബില്ലായതിനാല്‍ പാസാകാന്‍ അന്നത്തെ ഹാജര്നിലപ്രകാരം മൂന്നില്‍രണ്ടു ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 352 വോട്ടായിരുന്നു. ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടതോടെ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടിവന്നില്ല. എന്‍ഡിഎക്കൊപ്പം 322 പേരാണ് ഇപ്പോഴുള്ളത്.
ഇതിനുപുറമേ വൈഎസ്ആര്‍സിപി (4) ഇത്തവണയും ഒപ്പമുണ്ടാകും. ഏപ്രിലില്‍ എതിര്‍ത്ത പാര്‍ട്ടികളില്‍ ഡിഎംകെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്‍സിപി (എസ്പി8) ജെഎംഎം 3 എന്നിവയുടെ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്നും ഇനിയും വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍.



















