സര്‍ക്കാര്‍/ എയിഡഡ്/ IHRD/CAPE പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. www.polyadmission.org എന്ന വെബ്സൈറ്റിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.
ഓരോ ജില്ലകളിലേയും നോഡല്‍ പോളിടെക്നിക് കോളേജുകളില്‍ വെച്ച് 11 മുതല്‍ 18 വരെ ആയിരിക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുക. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കു. രണ്ടു ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല. www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അഡ്മിഷന്‍ ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന സമയക്രമത്തില്‍ അപേക്ഷകര്‍ അതാതു നോഡല്‍ പോളീടെക്നിക് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.
ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. സ്പോട്ട് അഡ്മിഷന്‍ സമയത്ത് അപേക്ഷകന് അപ്പോള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേര്‍ത്ത് മുഴുവന്‍ ഫീസടച്ച് അഡ്മിഷന്‍ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷന്‍ റദ്ദാക്കപ്പെട്ടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നല്‍കുന്നതുമായിരിക്കും.
നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളീടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്സൈറ്റിലെ ‘Vacancy position’ എന്ന ലിങ്കില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കുന്നതല്ല. അലോട്ട്മെന്റ് പ്രകാരം നിലവില്‍ പ്രവേശനം നേടിയവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.