ഡിജിപിയുടെ സേവന കാലാവധി നീട്ടി; അനിൽകാന്തിന് 2023 വരെ

Nov 24, 2021

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ സേവന കാലാവധി രണ്ടു വർഷത്തേക്കു നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനുമുൻപ് വിരമിക്കുന്നവർക്കു വേണമെങ്കിൽ സ്വമേധയാ സ്ഥാനം ഒഴിയാം.

1988 ബാച്ചിലെ ഐപിഎസ് ഓഫിസറായ അനിൽകാന്തിന്റെ സേവനം 2023 ജൂൺ 30വരെയാണ് നീട്ടിയത്. അല്ലെങ്കിൽ 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനാണ് അനിൽകാന്ത് ഡിജിപിയായി അധികാരമേറ്റത്. നിയമിക്കപ്പെടുമ്പോൾ ഏഴുമാസം സർവീസാണ് ശേഷിച്ചിരുന്നത്. നിയമന ഉത്തരവിൽ 2 വർഷത്തേക്കാണ് നിയമനം എന്നു രേഖപ്പെടുത്തിയിരുന്നില്ല.

അനിൽകാന്ത് 7 മാസം കഴിഞ്ഞു വിരമിക്കുമ്പോൾ സീനിയോറിറ്റിയിൽ മുന്നിലുള്ള ടോമിൻ ജെ.തച്ചങ്കരി ഉൾപ്പെടെയുള്ളവരെ പരിണിക്കാനായിരുന്നു ധാരണ. സർക്കാർ തീരുമാനം മാറ്റിയതോടെ സീനിയോറിറ്റിയിൽ മുൻപിലുള്ള സുധേഷ് കുമാർ, ബി.സന്ധ്യ, ടോമിൻ ജെ.തച്ചങ്കരി എന്നിവരുടെ സാധ്യകൾ ഇല്ലാതായി. ബി.സന്ധ്യ 2023 മേയിൽ വിരമിക്കും. സുധേഷ് കുമാർ 2022 ഒക്ടോബറിലും തച്ചങ്കരി 2023 ജൂണിലും വിരമിക്കും.

കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു.

LATEST NEWS