‘പഠ്ന ലിഖ്ന അഭിയാന്‍’ അര ലക്ഷം പേരെ സാക്ഷരരാക്കും; സംഘാടകസമിതി രൂപീകരിച്ചു

Nov 30, 2021

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘പഠ്ന ലിഖ്ന അഭിയാന്‍’ നടത്തിപ്പിനായി ജില്ലയില്‍ സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാര്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായുമാണ് പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയുടെ ജില്ലാതല സംഘാടകസമിതി രൂപികരിച്ചത്. ജില്ലാ കളക്ടറാണ് പദ്ധതിയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍.

ദൈനംദിന അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍മാനും ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മെമ്പര്‍ സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍, ഡി ആര്‍ യു ഫാക്കല്‍റ്റി, ജില്ലയിലെ ബി ആര്‍ സി പ്രതിനിധികള്‍, അസി. കോ-ഓര്‍ഡിനേറ്റര്‍മാര്‍, ആര്‍ പി പ്രതിനിധി, നോഡല്‍ പ്രേരക് പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജില്ലാതല കോര്‍ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

പട്ടികവര്‍ഗം, പട്ടികജാതി, ന്യൂനപക്ഷവിഭാഗങ്ങള്‍, ജനറല്‍ വിഭാഗങ്ങളിലെ നിരക്ഷരെ കണ്ടെത്തി 2022 മാര്‍ച്ച് 31 നകം സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ പ്രവര്‍ത്തനം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 50,000 പേരെയാണ് സാക്ഷരരാക്കുന്നത്. ഡിസംബര്‍ ഏഴിന് ക്ലാസുകള്‍ ആരംഭിക്കും. മാര്‍ച്ച് 27 ന് മികവുത്സവം എന്ന രീതിയിലാണ് പരീക്ഷ നടത്തുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായി സംഘാടക സമിതികള്‍ രൂപികരിച്ച് സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍, തുല്യതാപഠിതാക്കള്‍, വിദ്യാര്‍ഥികള്‍, എന്‍.സി.ഇ.സി, എന്‍.എസ്.എസ്, എസ്.സി, എസ്.ടി പ്രമോര്‍ട്ടര്‍മാര്‍, നെഹ്റു യുവകേന്ദ്ര പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയ വിവിധ മേഖലയിലുളള വരെ അണിനിരത്തി ബഹുജന കാമ്പയിനാണ് പദ്ധതിയുടെ ഭാഗമായി നടത്തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നാളെ(നവംബര്‍ 30) ഗൂഗ്ള്‍ മീറ്റ് വഴി ചേരും. പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ നാലിന് തുല്യതാ അദ്ധ്യാപകരുടെ യോഗവും നടക്കും. മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളെയാണ് പദ്ധതിക്കായി തെരഞ്ഞടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ നിന്ന് മൊത്തം രണ്ട് ലക്ഷം പേരെ സാക്ഷരരാക്കും.

യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സലുജ വി.ആര്‍ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. എസ്. വിനു, ആര്‍. സുഭാഷ്, രാധിക, കെ. വി. ശ്രീകാന്ത്, മിനി, പ്രിയദര്‍ശിനി, സോഫി തോമസ്, വെള്ളനാട് ശശി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എം. ജലീല്‍, വിളപ്പില്‍ രാധാകൃഷണന്‍, ജില്ലാ പഞ്ചയത്ത് സെക്രട്ടറി റോയ് മാത്യു, ജില്ലാ സാക്ഷരതാ കോര്‍ഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബി.സജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

LATEST NEWS