തിരുവനന്തപുരം : കുട്ടികളിൽ ശാസ്ത്ര സാക്ഷരതയും ശാസ്ത്രഭിമുഖ്യവും വളർത്തുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ഡയറ്റിന്റെ ശാസ്ത്ര പരിപോഷണ പരിപാടിക്ക് ദേശീയ ശാസ്ത്ര ദിനം ആയ ഇന്ന് (ഫെബ്രുവരി 28) തുടക്കമായി. ഇന്നേ ദിവസം ഡയറ്റിലെ അധ്യാപകവിദ്യാർഥികളെയും ലാബ് സ്കൂൾ കുട്ടികളെയും ഒരുമിച്ച് ചേർത്ത് കൊണ്ടുള്ള ശാസ്ത്ര പരീക്ഷണ കളരി, അധ്യാപകവിദ്യാർഥികൾക്കുള്ള ശാസ്ത്ര ഉപന്യാസ രചനമത്സരം, ശാസ്ത്ര ക്വിസ് മത്സരം എന്നിവയോടെ അരങ്ങേറിയ ദേശിയ ശാസ്ത്ര ദിനഘോഷം ബഹുമാനപ്പെട്ട ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എച്ച് എം ഇൻ ചാർജ് അമ്പിളി ടീച്ചർ സ്വാഗതവും അധ്യാപക വിദ്യാർത്ഥികളായ ആഷിക്കും, അമൃതയും, സ്കൂൾ ലീഡർ നൗറിൻ.എ എന്നിവർ ആശംസകളും അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥിയായ സമ്പത്ത് നന്ദിയും പ്രകാശിപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ, പരിസ്ഥിതി സംരക്ഷണത്തോടും ഭക്ഷ്യ സുരക്ഷയോടുമൊപ്പം ഉദ്യാന ചികിത്സയുടെ അംശങ്ങൾ ഉൾക്കൊണ്ട് മാനസികവും ശരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവൻ ഐടിഇകളിലെയും അധ്യാപക വിദ്യാർഥികളുടെ വീടുകളിൽ ഭക്ഷ്യയോദ്യാനം നിർമിച്ചു കൊണ്ട് ഡയറ്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന “കിസാലയം “എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. പ്രസ്തുത പരിപാടിയുടെ ഭവന തല ഉദ്ഘാടനം അധ്യാപക വിദ്യാർത്ഥികളുടെ വീടുകളിൽ ഒരു സസ്യം നാട്ടുകൊണ്ട് നിർവഹിക്കുകയുണ്ടായി.
ശാസ്ത്രപഠനം വളരെ പ്രാധാന്യത്തോടെ സ്കൂൾതലത്തിൽ നിർവഹിക്കപ്പെടുന്നുണ്ടെങ്കിലും ശാസ്ത്ര മനോഭാവവും ശാസ്ത്രത്തോടുള്ള താല്പര്യവും കുട്ടികളിൽ മതിയായ രീതിയിൽ വികസിക്കുന്നില്ല എന്ന നിരീക്ഷണമാണ് ഇത്തരമൊരു ശാസ്ത്ര പരിപോഷണ പരിപാടി ഏറ്റെടുക്കുന്നതിന് ഡയറ്റിന് പ്രേരണയായത്. പാഠ്യപദ്ധതിയിലെ ശാസ്ത്രവും നിത്യജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്താനോ, അത്തരം അനുഭവങ്ങളുടെ പിന്നിലുള്ള ശാസ്ത്രതത്വം ചികഞ്ഞു നോക്കനോ ഉള്ള മനോഭാവം കുട്ടികൾക്ക് ശാസ്ത്ര പഠനത്തിലൂടെ ലഭ്യമാകുന്നില്ല. സൂക്ഷ്മവും ആസൂത്രിതവുമായ പ്രവത്തനങ്ങളിലൂടെ അധ്യാപകർക്ക് ഇതിന് പരിഹാരം കാണാനാകും എന്ന കാഴ്ചപ്പാടിലാണ് ഭാവിയിലെ അധ്യാപകരായ അധ്യാപകവിദ്യാർഥികളെയും ഒരുമിച്ച് ചേർത്ത് കൊണ്ട് ശാസ്ത്രത്തിന്റെ ആഴകാഴ്ചകളിലേക്ക് കുട്ടികളെ നയിക്കുന്ന അതി ബൃഹത്തായ ഒരു കർമ്മപരിപാടി ഡയറ്റ് ഏറ്റെടുത്തത്. ഇത്തവണത്തെ ദേശീ യശാസ്ത്ര ദിനത്തിന്റെ ആശയത്തെക്കുറിചച്ച് അധ്യാപകവിദ്യാർഥികളിൽ മതിയായ അവബോധം സൃഷ്ടിക്കുന്നതിനും ശാസ്ത്ര രചനയിലേക്ക് അവരെയും നയിക്കുന്നതിലേക്ക് വേണ്ടിയാണ് ജില്ലയിലെ മുഴുവൻ അധ്യാപകവിദ്യാർഥികളെയും ഉൾപ്പെടുത്തികൊണ്ട് ഒരു ശാസ്ത്രരചന മത്സരം സംഘടിപ്പിച്ചത്. ഇവ ഉൾകൊള്ളിച്ചു കൊണ്ടുള്ള മാഗസിനുകൾ എല്ലാ ITE കളിലും രൂപംകൊണ്ടിട്ടുണ്ട്. ലക്ഷ്യവേധികളായ കുറെയേറെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു പ്രവർത്തനപദ്ധതിയാണ് ഡയറ്റ് തയാറാക്കിയിട്ടുള്ളത്. ജില്ലയിലെ ശാസ്ത്രപഠനത്തിൽ കാതലായ മാറ്റം സൃഷ്ടിക്കപ്പെടുമെന്ന് ഇത് പ്രതീക്ഷിക്കുന്നു.


















