തിരുവനന്തപുരം: വൈദ്യുതിബോർഡിൽ തസ്തികകൾ വെട്ടിച്ചുരുക്കുന്നത് പരിഗണനയിൽ. വിരമിക്കുന്ന ഒഴിവുകളിൽ ഇനി നിയമനവും സ്ഥാനക്കയറ്റവും വേണ്ടാത്ത തസ്തികകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഡയറക്ടർമാരുടെ ഉപസമിതിയെ ഡയറക്ടർ ബോർഡ് യോഗം ചുമതലപ്പെടുത്തി.
ഈ വർഷം 1586 പേർ വിരമിക്കുന്ന സാഹചര്യത്തിലാണ് തസ്തികളുടെ എണ്ണം പുനഃപരിശോധിക്കുന്നത്.

കംപ്യൂട്ടർവത്കരണം നടന്നതിനാലും ബോർഡിന്റെ പരിഗണനയിലുള്ള പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനാലും ഇനി പല തസ്തികകളും ഒഴിവാക്കാമെന്നാണ് ബോർഡ് യോഗം വിലയിരുത്തിയത്. അത്തരത്തിൽ ആവശ്യമില്ലാത്ത തസ്തികകൾ കണ്ടെത്താനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ഫിനാൻസ് ഡയറക്ടറാണ് സമിതിയുടെ അധ്യക്ഷൻ.

















