തിരുവനന്തപുരം കാര്യവട്ടത്ത് കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പൂന്തുറ മാണിക്യം വിളാകം സ്വദേശി ഫൈസിനാണ് (26) ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ പത്തേമുക്കാൽ മണിയോടെ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിനു മുന്നിലായിരുന്നു അപകടം.

മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വലത്തേയ്ക്ക് വെട്ടിയൊഴിച്ചപ്പോഴാണ് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസിലിടിച്ചത്.
ഓട്ടോ പൂർണ്ണമായും തകർന്നു. ഇടിയിൽ ഓട്ടോയിൽ നിന്നും തെറിച്ച് ബസിന് മുന്നിലേക്ക് വീണ ഫൈസിയുടെ ഇരുകാലുകളും തകർന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റ ഇയാളെ മെഡി.കോളേജിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് കേസെടുത്തു.

















