ആധാര്‍ കാര്‍ഡിന്റെ രൂപവും ഭാവവും ഉടന്‍ മാറും; വിശദാംശങ്ങള്‍

Nov 23, 2025

ഡല്‍ഹി: കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിററി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പേര്, മേല്‍വിലാസം, 12 അക്ക ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി, പകരം ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ആധാര്‍ കാര്‍ഡില്‍ മാറ്റം വരുത്താനാണ് യുഐഡിഎഐയുടെ പദ്ധതി. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് കാര്‍ഡില്‍ പരിഷ്‌കാരത്തിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡിസംബര്‍ മാസം ആധാര്‍ മാറ്റങ്ങള്‍ നിലവില്‍ വരും. ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന ഓഫ്ലൈന്‍ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനും വ്യക്തികളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ആധാര്‍ ഉപയോഗിച്ചുള്ള പരിശോധന പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി ഡിസംബറില്‍ പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നതായി യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഭുവനേഷ് കുമാര്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡില്‍ ഒരു ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഭുവനേഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പ്രിന്റ് ചെയ്താല്‍ ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും അദേഹം പറഞ്ഞു. ഇതിനര്‍ഥം ആധാര്‍ കാര്‍ഡില്‍ ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രമേ ഉണ്ടാകൂ എന്നാണ്. മറ്റെല്ലാ വിവരങ്ങളും യുഐഡിഎഐ രഹസ്യമായി സൂക്ഷിക്കും.

ആധാര്‍ നിയമപ്രകാരം, ഒരു വ്യക്തിയുടെ ആധാര്‍ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓഫ്ലൈന്‍ പരിശോധനയ്ക്കായി ശേഖരിക്കാനോ ഉപയോഗിക്കാനോ സൂക്ഷിക്കാനോ കഴിയില്ല. എങ്കിലും പല സ്ഥാപനങ്ങളും ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നു. ഇത് വഞ്ചനയ്ക്കോ ദുരുപയോഗത്തിനോ ഉള്ള സാധ്യത ഉണ്ടാക്കുന്നു. ഇത് തടയുന്നതിനായി, എല്ലാ ആധാര്‍ വിവരങ്ങളും ഇപ്പോള്‍ രഹസ്യമാക്കി വച്ചിരിക്കുന്നു. അതിനാല്‍ ഓഫ്ലൈന്‍ പരിശോധന നിരോധിക്കുന്നതിലൂടെ, ആളുകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയും.

പുതിയ കാര്‍ഡില്‍ എല്ലാ വിവരങ്ങളും ക്യൂആര്‍ കോഡിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കും. അത് ശരിയായ ഓതന്റിക്കേഷന്‍ ചാനലുകളിലൂടെ മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ. ‘ആധാര്‍ ഒരിക്കലും ഒരു രേഖയായി ഉപയോഗിക്കരുത്. അത് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആധികാരികമാക്കുകയോ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പരിശോധിക്കുകയോ മാത്രമേ ചെയ്യാവൂ. അല്ലെങ്കില്‍, അത് വ്യാജ രേഖയാകാം,’- ഭുവനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

LATEST NEWS