ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

Dec 18, 2025

ഡല്‍ഹി: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു

ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. ഇതിനര്‍ഥം സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആധാര്‍ സംവിധാനം നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിന് കീഴിലാണ്. ആധാറിന്റെ സൈബര്‍ സുരക്ഷ ബലപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സിയാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡൈനാമിക് സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തും. തുടര്‍ച്ചയായി സൈബര്‍ ഓഡിറ്റുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LATEST NEWS