അബിന്‍ വര്‍ക്കിയുടെ പരാതി കിട്ടിയിട്ടില്ല; നിയമനം പുനഃപരിശോധിക്കില്ലെന്ന് ദേശീയ അധ്യക്ഷന്‍

Oct 14, 2025

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കിയെ നിയമിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്. ഇതുസംബന്ധിച്ച് അബിന്‍ വര്‍ക്കിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉദയ്ഭാനു ചിബ് മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ അബിന്‍ വര്‍ക്കി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചതായും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കിയെ നിയമിച്ച തീരുമാനം പുനഃ പരിശോധിക്കില്ലെന്ന് ഉദയ്ഭാനു ചിബ് പറഞ്ഞത്.

‘ഇത് സംഘടനയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യമാണ്. നിയമനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നമുള്ളതായി തോന്നുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്ന പ്രവര്‍ത്തകനാണ് അബിന്‍ വര്‍ക്കി. പാര്‍ട്ടി അബിന്‍ വര്‍ക്കിയെ ഏല്‍പ്പിച്ച ചുമതല അബിന്‍ വര്‍ക്കി ഉത്തരവാദിത്തതോടെ നിറവേറ്റണം. ദേശീയ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് അബിന്‍ വര്‍ക്കിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അബിന്‍ വര്‍ക്കി പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്’- ഉദയ്ഭാനു ചിബ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ട് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാണെന്നുമാണ് അബിന്‍ വര്‍ക്കിയുടെ വാദം. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറ്റവും അനുയോജ്യന്‍ താനാണെന്നും അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വാദവും ഉദയ്ഭാനു ചിബ് തള്ളി. വോട്ടു കിട്ടിയതും ഇത്തരത്തിലുള്ള നിയമനവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് ഉദയ്ഭാനു ചിബ് പ്രതികരിച്ചത്.

LATEST NEWS
എംസി റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നാളെ മുതല്‍

എംസി റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നാളെ മുതല്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി റോഡുമാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവര്‍...