കോഴിക്കോട്: കോഴിക്കോട് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികന് മുഹമ്മദ് സാനിഫ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കോഴിക്കോട്- മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മാവൂരിലേക്ക് പോകുകയായിരുന്ന വെര്‍ടെക്സ് ബസ് മറ്റൊരു ബസുമായി ഉരസിയിരുന്നു.
തുടര്‍ന്ന് അമിതവേഗത്തില്‍ പോകവെ അരയിടത്തുപാലം മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചു. ഇടിയെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് മുന്നിലുണ്ടായിരുന്ന കാറിന് മുന്നിലേക്ക് വീണു. ബസ് ബൈക്കിന് മുകളിലൂടെ കയറി നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. മറിഞ്ഞ് നിരങ്ങിപ്പോയ ബസ് മേല്‍പ്പാലത്തിനോടു ചേര്‍ന്നുള്ള ട്രാഫിക് സിഗ്നല്‍ തൂണും തകര്‍ത്താണ് നിന്നത്. അപകടത്തില്‍ 56 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.