തൃശ്ശൂര്‍: ദേശീയപാതയില്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രക്കാരായ അഞ്ച് പേര്‍ക്ക് നിസാര പരിക്കേറ്റു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. കാസര്‍കോടുനിന്നും മൂന്നാറിലേക്ക് വിനോദയാത്രക്കുപോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് പിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു.
വേഗത്തില്‍ വന്ന ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. കാറിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് രക്ഷയായി. പുതുക്കാട് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി.
JUST IN

















