മേൽപ്പാലത്തിൽനിന്ന് കാർ സർവീസ് റോഡിലേക്ക് പതിച്ചു; നാലുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Sep 8, 2026

seena

ചേർത്തല: ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽനിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന കൊല്ലം അഞ്ചൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മേൽപ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൈവരികൾ തകർത്ത് താഴത്തെ സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കാർ താഴേക്ക് വീഴുന്ന സമയത്ത് സർവീസ് റോഡിൽ കാൽനടയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. മേൽപ്പാലത്തിൽനിന്ന് വലിയ ശബ്ദത്തോടെ വാഹനം താഴേക്ക് പതിച്ചതോടെ പ്രദേശവാസികൾ ഓടിയെത്തി.

തകർന്നുപോയ കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ അല്പസമയം ഗതാഗത തടസ്സമുണ്ടായി.

cake tower new
LATEST NEWS