ആറ്റിങ്ങൽ: വീട്ട് പരിസരത്ത് പിന്നോട്ടെടുത്ത കാർ മതിൽ കെട്ട് തകർത്തു, മതിൽ റോഡിൽ കൂടി പോവുകയായിരുന്ന കാറിന് മേൽ പതിച്ചു അപകടം. കാർ ഡ്രൈവർക്ക് പരുക്ക്. പൊൻകുന്നം സ്വദേശി ബാബുവിന് ആണ് പരുക്കേറ്റത്.
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ലൈബ്രറിക്ക് എതിർവശം തമ്പാനൂർ ലൈനിൽ ആണ് അപകടം ഉണ്ടായത്. വീട്ട് മുറ്റത്ത് കാർ പിറകോട്ട് എടുക്കവെ നിയന്ത്രണം വിട്ടാണ് വീടിൻ്റെ മതിലിൽ ഇടിച്ചത്. റോഡ് നിരപ്പിൽ നിന്നും പത്തടി ഉയരത്തിൽ ആണ് മതിൽ സ്ഥിതി ചെയ്തിരുന്നത്. തകർന്ന മതിൽ ഇതേ സമയം റോഡിൽ കൂടി പോവുകയായിരുന്ന മറ്റൊരു കാറിന് മേൽ പതിച്ചു. ഈ കാർ തകരുകയും ഡ്രൈവർ ബാബുവിന് പരുക്കേൽക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിൻ്റെ കാലിൽ പൊട്ടലും നെഞ്ചിൽ ക്ഷതവും ഏറ്റിട്ടുണ്ട്.


















