ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് എല്‍ ജി നിവാസില്‍ എം രജീഷ് (32), സുഹൃത്ത് കരോട്ടു വെളിയില്‍ അനന്തു (29) എന്നിവരാണ് മരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇവര്‍.
ഞായറാഴ്ച രാത്രി ഒന്‍പതോടെ കലവൂര്‍ മാരന്‍കുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖില്‍ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിത്തൂണില്‍ ഇടിച്ചശേഷം തോടിനുകുറുകെചാടി സമീപവാസിയായ വിജയകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു. കാറിന്റെ വലതുവശം വീടിന്റെ ഭിത്തിയിലും ഇടിച്ചു. അപകടശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.