പിന്നോട്ടെടുത്ത ബസ് മുന്നോട്ടുകുതിച്ചു; സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി

Dec 3, 2024

തൊടുപുഴ: സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നതിനിടെ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി. കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്റ്റാന്‍ഡിനുള്ളില്‍ കസേരയിലിരുന്ന കുമളി അരമിനിയില്‍ വിഷ്ണു ബസിനടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കുമളി – മൂന്നാര്‍ റൂട്ടില്‍ ഓടുന്ന ദിയ ബസ് ആണ് അപകടം ഉണ്ടാക്കിയത്.

പിന്നോട്ടെടുത്ത ബസ്, ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിച്ച് ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായുള്ള കസേരയില്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയില്‍പെട്ടതിനാലാണു വിഷ്ണുവിനു പരുക്കേല്‍ക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയില്‍ കുടുങ്ങുകയും ചെയ്തു.

സംഭവത്തില്‍ യുവാവിന് പരിക്ക് ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ഇടുക്കി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

LATEST NEWS