ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു ദാരുണമായ അപകടം ഉണ്ടായത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി, സിഗ്നൽ നൽകാതെ അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. ഈ സമയം ആലുവയിൽ നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അശ്വിൻ ആന്റണിയുടെ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. തട്ടി നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ ഇടിച്ചു മറിഞ്ഞു. റോഡിൽ തലയടിച്ചു വീണ നന്ദനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ നന്ദനയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് ജോലിക്ക് പോകാനായി അശ്വിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു ഇവർ.
ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



















