കൊച്ചി: മലയാളികളെ ചിരിപ്പിച്ചിച്ച് ചിന്തിപ്പിച്ച സിനിമാക്കാരനായിരുന്നു ശ്രീനിവാസന്‍. നര്‍മത്തിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ എട്ടരയോടെയായിരുന്നു.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പില്‍ നടക്കും.
മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ ആശുപത്രിയിലേക്കെത്തി. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎല്‍എ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തും.
സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളാണ് ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.എല്ലാവരുമായും പ്രത്യേക സൗഹൃദം കാത്തുസൂസുഖിച്ചിരുന്നു. ജീവിതത്തില്‍ എന്നും ഹാസ്യം സൂക്ഷിച്ചിരുന്ന ആളാണ്. ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും എന്നും നല്ല ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞു. എത്രയോ വര്‍ഷത്തെ ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഖമാണ് നല്‍കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അടുത്ത കാലത്ത് അമൃത ആശുപത്രിയില്‍ പോയിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല.
ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒന്നിച്ച് കടന്നുപോയിട്ടുണ്ട്. സിനിമാമേഖലയില്‍ നിന്നുള്ള ബന്ധമല്ല. ഒപ്പം പ്രവര്‍ത്തിക്കുന്ന നടന്‍ എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ട്. സമൂഹത്തിനോടുള്ള വിരോധാഭാസം എന്ന നിലയിലും, പല സാമൂഹ്യസാഹചര്യങ്ങളെ വിമര്‍ശിച്ചും ഒക്കെ പല സിനിമകളും ഒന്നിച്ച് ചെയ്യാന്‍ സാധിച്ചു. തമാശരൂപത്തില്‍ എത്ര പ്രധാനപ്പെട്ട കാര്യവും മനുഷ്യരിലെത്തിക്കാന്‍ ഒന്നിച്ച് സാധിച്ചിട്ടുണ്ടെന്നും അതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















